വാക്കുകളെക്കാള്‍ ഉറക്കെ കഥ പറയുന്ന സമ്മാനപ്പൊതികള്‍; ഒമാനിലുടനീളം പുഞ്ചിരികള്‍ തീര്‍ത്ത് ദി പേസ്റ്റല്‍ ഹ്യൂ
ഓരോ സമ്മാനപ്പൊതികള്‍ക്കും പറയാന്‍ സ്‌നേഹവും കരുതലും ഓര്‍മകളും ഇഴചേര്‍ന്ന കഥകളുണ്ട്. കണ്ണൂരുകാരി ഒമാനില്‍ ആരംഭിച്ച ദി പേസ്റ്റല്‍ ഹ്യൂവിനും പറയാന്‍ കഥകള്‍ ഏറെയാണ്. കാലിഗ്രഫിയില്‍ നിന്നും കേക്കുകളിലേക്കും ഗിഫ്റ്റ് ഹാംപറുകളിലേക്കും വളര്‍ന്ന സംരംഭത്തിന് പിന്നില്‍ ഇരിക്കൂര്‍ സ്വദേശിനി ഷാനിദയുടെ ദൃഢനിശ്ചയവും പാഷനുമുണ്ട്, ഒപ്പം മനസില്‍ ആഴത്തില്‍ കൊത്തിവെച്ച സ്വതന്ത്രയാകണമെന്ന സ്വപ്‌നവും.
ചിത്രരചനയോടും ക്രാഫ്റ്റിങ്ങിനോടുമുള്ള താത്പര്യത്തില്‍ നിന്നാണ് ഷാനിദയുടെ യാത്രയുടെ തുടക്കം. ചെറുപ്പം മുതലേ കാലിഗ്രാഫിയിലും ക്രാഫ്റ്റിങ്ങിലും കലയിലും മിടുക്കിയായിരുന്ന ഷാനിദ ഈ മേഖലകളില്‍ നിരവധി സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. പഠനവും, വിവാഹവും, ശേഷം ഒമാനിലേക്കുള്ള താമസവുമായി ജീവിതം മുന്നോട്ട് പോയെങ്കിലും, ക്രാഫ്റ്റിങ്ങിനോടുള്ള താത്പര്യം ഷാനിദയുടെ ഉള്ളില്‍ നിന്നും മങ്ങിയില്ല.

സുഹൃത്തുക്കള്‍ക്കുള്ള സമ്മാനങ്ങളും, കാലിഗ്രഫികളും ഒപ്പം കുടുംബത്തിനുള്ള കേക്കുകളും തയ്യാറാക്കിയായിരുന്നു ഷാനിദ എന്ന സംരംഭകയുടെ തുടക്കം. ഓരോ സമ്മാനപ്പൊതികള്‍ നല്‍കുമ്പോഴും ചുറ്റുമുള്ള മനുഷ്യരുടെ കണ്ണിലെ തിളക്കവും പ്രശംസകളുമാണ് തന്റെ പാഷനെ സംരംഭമാക്കി മാറ്റാന്‍ പ്രചോദനമായതെന്ന് അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഒമാനില്‍ എത്തിയ ശേഷം 2021ലാണ് ദി പേസ്റ്റല്‍ ഹ്യൂ എന്ന സംരംഭത്തിന് തുടക്കം കുറിയ്ക്കുന്നത്.
കാലിഗ്രഫികളും കേക്കുകളും മാത്രമായി ആരംഭിച്ച സംരംഭം പതിയെ കസ്റ്റമൈസ്ഡ് ഗിഫ്റ്റ് ഹാംപറുകളിലേക്കും, വിവിധ തരം ബൊക്കേകളിലേക്കും ഫോട്ടോ ഫ്രെയിമുകളിലേക്കും ചുവടുവെച്ചു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖത്തെ പുഞ്ചിരി വിടര്‍ത്താന്‍ തന്നെ സമീപിക്കുന്ന ഓരോ കസ്റ്റമേഴ്‌സിനേയും ഏറെ സ്‌നേഹത്തോടെയാണ് ഷാനിദ സ്വീകരിച്ചത്. കസ്റ്റമറുടെ ആവശ്യം കൃത്യമായി മനസിലാക്കിയായിരുന്നു ഓരോ വര്‍ക്കുകളും.
ഹാംപറുകള്‍ക്കും മറ്റുമായി വാങ്ങുന്ന ഓരോ വസ്തുക്കളും കസ്റ്റമറുടെ താത്പര്യം കൂടി പരിഗണിച്ചാണ് തിരഞ്ഞെടുക്കുന്നത് എന്നത് തന്നെയാണ് ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്. ഓരോ ഹാംപറുകളും നേരിട്ടെത്തി ഡെലിവറി നടത്തുകയും അവരുടെ സന്തോഷം പകര്‍ത്തി പ്രിയപ്പെട്ടവര്‍ക്ക് അയക്കാനും ദി പേസ്റ്റല്‍ ഹ്യൂ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കസ്റ്റമറുടെ ആവശ്യം മനസിലാക്കി ബജറ്റിന് ഇണങ്ങിയ യുണീക് ആന്‍ഡ് ക്ലാസി ഗിഫ്റ്റുകളുമാണ് സംരംഭത്തെ ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമാക്കുന്നത്.

സ്വപ്‌നങ്ങളുടേയും ദി പേസ്റ്റല്‍ ഹ്യൂവിന്റേയും ഓരോ ചുവടുകള്‍ക്ക് പിന്നിലും പൂര്‍ണ പിന്തുണയുമായി മാതാപിതാക്കളായ മുനീറും ഖൈറുന്നീസയും ഒപ്പം ഭര്‍ത്താവ് മുഹമ്മദ് ബിര്‍ഹാനുമുണ്ട് എന്നതാണ് ഷാനിദയുടെ കരുത്ത്. മകള്‍ യസ് ലിന്റെ പുഞ്ചിരികളും ഒപ്പം ചേരുന്നതോടെ തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്‌നം നിറവേറ്റാനായതിന്റെ തിളക്കത്തിലാണ് ഷാനിദയും.
ഒരു സംരംഭകയെന്ന നിലയില്‍ തന്റെ തൊഴിലിനെ വിമര്‍ശിക്കുന്നരും പിന്തുണയ്ക്കുന്നവരും ഏറെയാണെന്നും, അപ്രതീക്ഷിതമായി കടന്നെത്തുന്ന സമ്മാനങ്ങളിലൂടെ ചുറ്റുമുള്ള മനുഷ്യരുടെ കണ്ണുകളില്‍ നിറയുന്ന സന്തോഷമാണ് തന്നെ മുന്നോട്ട് നയിക്കുന്ന ഇന്ധനമെന്നും ഷാനിദ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഒമാനില്‍ ഗിഫ്റ്റ് ഡിലവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറെയാണെങ്കിലും ദൃഢനിശ്ചയവും സ്ഥിരതയും തനിക്ക് വിധിച്ചതെല്ലാം തനിക്ക് തന്നെ വന്നുചേരുമെന്നതുമാണ് ഈ യുവസംരംഭകയുടെ പ്രതീക്ഷ.





