Entreprenuership Success Story

ബേക്കറി ജീവനക്കാരനില്‍ നിന്നും സംരംഭകനിലേക്ക്; വൈവിധ്യങ്ങളാല്‍ ഉയര്‍ന്ന രാജേഷിന്റെ എ ആര്‍ ഫുഡ്‌സ്

Spread the love

പത്താം ക്ലാസുകാരനായ ബേക്കറി ജീവനക്കാരന്‍… പ്രവാസി… ഇന്ന് നാട്ടുകാര്‍ക്ക് പ്രിയങ്കരനായ നാടറിയുന്ന സംരംഭകന്‍… വിജയത്തിലേക്കുള്ള വഴി കടുപ്പമേറിയതാണെന്നത് പോലെ പ്രയാസങ്ങളേറെ നിറഞ്ഞതായിരുന്നു കണ്ണൂര്‍ കുത്തുപറമ്പ് സൗത്ത് നരവൂര്‍ സ്വദേശി എന്‍. രാജേഷിന്റെ സംരംഭക യാത്രയും. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും കൈമുതലാക്കിയ രാജേഷ്, എആര്‍ ഫുഡ് പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തിനൊപ്പം ഒരു കൊച്ചു കഫേയും നടത്തുന്നുണ്ട്; ‘എ ആര്‍ ടേസ്റ്റി ക്യൂ’.

കണ്ണൂര്‍ ജില്ലയിലെ പാട്യം പഞ്ചായത്തിലെ ചീരാറ്റയില്‍ എ. ആര്‍. ഫുഡ് പ്രോഡക്റ്റ് കമ്പനി നടത്തി വരുന്ന രാജേഷ്, പുതുമയേറിയ വിഭവങ്ങളിലൂടെ ഭക്ഷ്യ ഉത്പന്ന വിതരണ രംഗത്ത് മാറ്റങ്ങള്‍ക്കു പുതുവഴി തെളിക്കുകയാണ്. ചെറിയ പ്രായത്തില്‍ ബേക്കറി ജീവനക്കാരനായായിരുന്നു രാജേഷിന്റെ തുടക്കം. പിന്നീട് കോലപുരിലെത്തി. അവിടെയും പലവിധ ജോലികള്‍ ചെയ്ത ശേഷമാണ് അദ്ദേഹം പ്രവാസ ലോകത്തേക്ക് ചുവടുവെക്കുന്നത്.

ഏഴ് വര്‍ഷം നീണ്ട പ്രവാസ ജീവിതവും നാട്ടില്‍ സ്വന്തമായി എന്തെങ്കിലും ആരംഭിക്കണമെന്ന ആഗ്രഹവുമായിരുന്നു ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായി മാറിയ എ ആര്‍ ഫുഡ്‌സ് എന്ന സ്ഥാപനത്തിലേക്ക് വഴിതെളിച്ചത്. സ്ഥിരവിഭവങ്ങളില്‍ നിന്നുമാറി വിപണിയില്‍ പുതുതായി, രുചികരമായി, ആരോഗ്യകരമായി എന്ത് കൊണ്ടുവരാമെന്നതായിരുന്നു രാജേഷിന്റെ ചിന്ത. കേരള ഗ്രാമീണ ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം വായ്പയെടുത്ത് രാജേഷ് തന്റെ സംരംഭകയാത്രയ്ക്ക് തുടക്കം കുറിച്ചു.

2018ല്‍ പുട്ടുപൊടികളില്‍ നിന്നായിരുന്നു സംരംഭത്തിന്റെ തുടക്കം. ചോളം, ബജ്‌റ, ജോവര്‍, റാഗി, മള്‍ട്ടി ഗ്രയിന്‍, ചാമ, തിന, ഗോതമ്പ് തുടങ്ങിയ വ്യത്യസ്ത ഇനം പുട്ടുപൊടികളും കറിമസാലകളുമാണ് സംരംഭത്തിന്റേതായി വിപണിയിലെത്തുന്നത്. തുടക്കക്കാരനെന്ന നിലയില്‍ പലയിടങ്ങളില്‍ നിന്നും ഉത്പന്നങ്ങള്‍ നിരസിക്കപ്പെടുകയും പരിഹാസങ്ങള്‍ക്ക് വിധേയമാകുകയും ചെയ്യേണ്ടി വന്നപ്പോഴും തളരാതെ അന്ന് അദ്ദേഹത്തെ മുന്നോട്ടുനയിച്ചത് നിശ്ചയദാര്‍ഢ്യമായിരുന്നു. ഇന്ന് കേരളത്തില്‍ മാത്രമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എആര്‍ ഫുഡ്‌സിന്റെ വൈവിധ്യത്തെ തേടി ആളുകള്‍ എത്താറുണ്ട്.

ഓരോ ഉത്പന്നവും വിപണിയില്‍ വിജയിക്കുമ്പോള്‍ വ്യത്യസ്തമായ പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് രാജേഷിന്റെ ശ്രമം. ഈ ചിന്തയുടെ ബാക്കിപത്രമായിരുന്നു കൂത്തുപറമ്പ് പാനൂര്‍ ഹൈവേയില്‍ പാട്യം പഞ്ചായത്തിനടുത്തായി ആരംഭിച്ച ‘എ ആര്‍ ടെസ്റ്റി ക്യൂ’ എന്ന കഫേ.

ഈന്തപ്പഴത്തിന്റെ കുരു കൊണ്ടുള്ള കാപ്പിയാണ് കഫേയിലെ ഹൈലൈറ്റ്. കാപ്പി പൊടി ഇല്ലാതെ ഈന്തപ്പഴക്കുരു പൊടിച്ചതില്‍ മസാല കൂട്ടുകള്‍ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. വലിച്ചെറിയുന്ന ഈന്തപ്പഴക്കുരുവില്‍ നിന്നും കാപ്പിപ്പൊടിയെന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍ പരിഹാസങ്ങളായിരുന്നു ആദ്യ പ്രതികരണം. എന്നാല്‍ തന്റെ ഉത്പന്നത്തിലുള്ള വിശ്വാസമായിരുന്നു രാജേഷിനെ അന്ന് കഫേ തുടങ്ങാന്‍ പ്രേരിപ്പിച്ചത്.

മുന്നിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് രുചികരമായ, വൈവിധ്യമാര്‍ന്ന ഭക്ഷണം നല്‍കുക എന്ന ആശയത്തില്‍ ഊന്നി ആരംഭിച്ച എ ആര്‍ ടേസ്റ്റി ക്യൂ ഇന്ന് ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുകയാണ്; ഒപ്പം രാജേഷിന്റെ ഈന്തപ്പഴക്കുരുവിന്റെ കാപ്പിയും… വൃത്തിയോടെ രുചികരമായ ഭക്ഷണം നല്‍കുന്നതാണ് സംരംഭത്തെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

പാട്യം പഞ്ചായത്തിന്റെ ശുചിത്വ അവാര്‍ഡിന് പുറമെ ഫുഡ് ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹൈജീന്‍ എക്‌സലന്‍സ് സര്‍ട്ടിഫിക്കറ്റും ചുരുങ്ങിയ കാലയളവില്‍ തന്നെ സ്വന്തമാക്കിയിട്ടുണ്ട് ഈ കഫേ. ഇതിന് പുറമെ കണ്ണൂര്‍ ജില്ലയിലെ മികച്ച യുവസംരംഭകനുള്ള അവാര്‍ഡ് രണ്ടു പ്രാവശ്യം (2022, 2024) ഇദ്ദേഹം നേടിയെടുത്തിട്ടുണ്ട്.

ഓണം പ്രമാണിച്ച് നാരങ്ങ, മാങ്ങ, ചേന എന്നിവയ്ക്ക് പുറമെ വിവിധയിനം പച്ചക്കറികള്‍ ചേര്‍ത്ത അച്ചാറുകളും വിപണിയില്‍ എത്തിക്കാനുള്ള തിരക്കിലാണ് രാജേഷ്. കല്ലുമ്മക്കായ ഉള്‍പ്പെടെയുള്ള വെറൈറ്റി അച്ചാറുകളും പുതിയ കഫേ പദ്ധതികളും പണിപ്പുരയിലാണ്.

ഒറ്റയൊരാളുടെ നിശ്ചയദാര്‍ഢ്യത്തില്‍ ഉയര്‍ന്ന സംരംഭത്തിലിന്ന് 17 തൊഴിലാളികളാണുള്ളത്. സ്ഥാപനത്തിന്റെ നേട്ടങ്ങള്‍ക്ക് പിന്നിലെ തന്റെ തൊഴിലാളികളുടെ ആത്മാര്‍ത്ഥതയും പിന്തുണയെ കുറിച്ചും രാജേഷ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പാത ദുസ്സഹമാകുമ്പോള്‍ പാതിവഴിയില്‍ യാത്ര ഉപേക്ഷിക്കുന്നവര്‍ക്ക് മുന്‍പില്‍ ശുചിത്വമുള്ള ഭക്ഷണം നല്‍കി, ഉപഭോക്താക്കളോട് ഇടപഴകി തന്റെ ജൈത്രയാത്ര തുടരുകയാണ് ഈ സംരംഭകന്‍.

WhatsApp: 9605349139

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍