സ്വപ്‌നങ്ങള്‍ക്കൊപ്പം ആത്മവിശ്വാസത്തോടെ ഗോവിന്ദ് പടുത്തുയര്‍ത്തിയ സാമ്രാജ്യം – G Fatcree
ഓരോ വലിയ സംരംഭത്തിന്റെയും തുടക്കം യാദൃച്ഛികമായ ഒരു തീരുമാനത്തില്‍ നിന്നായിരിക്കും. എന്നാല്‍, ആ യാത്രയില്‍ ഉറച്ചുനില്‍ക്കാന്‍ അഭിനിവേശവും, കഠിനാധ്വാനവും, അറിവും അനിവാര്യമാണ്. ഡ്രോയിംഗിലുള്ള താത്പര്യം കൊണ്ട് സിവില്‍ എഞ്ചിനീയറിംഗ് തിരഞ്ഞെടുത്ത ഒരു ചെറുപ്പക്കാരന്‍, ഇന്ന് മൂന്ന് കമ്പനികളുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായി മാറിയ കഥയാണ് എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ഗോവിന്ദ് ഉണ്ണികൃഷ്ണന്റേത്.
കമ്പനികള്‍ തുടങ്ങാന്‍ മുന്‍പ് പദ്ധതിയില്ലാതിരുന്ന ഗോവിന്ദ്, പഠനശേഷം ഒരു ചെറിയ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചു. അവിടെ ഓരോ കാര്യങ്ങളും ഒറ്റയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നത്, അദ്ദേഹത്തിന് ഈ മേഖലയിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവ് നല്‍കി. ഈ തിരിച്ചറിവ് തന്നെയായിരുന്നു തന്റെ വിശ്വാസങ്ങള്‍ കൂടി മുതല്‍ക്കൂട്ടാക്കി, സ്വന്തമായി വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ ഗോവിന്ദിനെ പ്രചോദിപ്പിച്ചതും.

സഹോദരന്‍ ആനന്ദ് ഉണ്ണികൃഷ്ണനുമായി ചേര്‍ന്ന് 2016ല്‍ G FACTREE Architects and Engineers എന്ന സ്ഥാപനത്തിന് ഗോവിന്ദ് തുടക്കമിട്ടു. ആദ്യ വര്‍ഷങ്ങളില്‍ ലാഭവും നഷ്ടവുമുണ്ടായി. കരാര്‍ ജോലികള്‍ നിര്‍ത്തി ഡിസൈനിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച സമയം പോലും ഉണ്ടായിരുന്നു. എന്നാല്‍, ഈ സാമ്പത്തികമായ തിരിച്ചടവുകളെയും ബുദ്ധിമുട്ടുകളെയും പാഠങ്ങളായി ഉള്‍ക്കൊണ്ട് മുന്നോട്ടുള്ള യാത്ര തുടരാനുള്ള ഗോവിന്ദിന്റെ തീരുമാനമാണ് സംരംഭകനെന്ന പട്ടവും ഗോവിന്ദിന് സമ്മാനിച്ചത്.

തുടക്കത്തില്‍ ഒറ്റയാള്‍ പോരാട്ടമായിരുന്നെങ്കില്‍, 2020ല്‍ ആര്‍ക്കിടെക്റ്റായ ഭാര്യ ഹണി അശോകന്‍ കൂടി പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്റ്റായി സ്ഥാപനത്തിന്റെ ഭാഗമായതോടെ, എഞ്ചിനീയറിംഗിന്റെയും ആര്‍ക്കിടെക്ചറിന്റെയും കൃത്യമായ സന്തുലിതാവസ്ഥയുറപ്പാക്കാന്‍ G FACTREEക്ക് സാധിച്ചു. ഇന്ന് ഗോവിന്ദിന്റെ നേതൃത്വത്തില്‍, G Fatcree Architects and Engineers, G Fatcree Infra Solutions Pvt. Ltd, Constructory Pvt. Ltd എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

G FACTREE-യുടെ വിജയത്തിന് പിന്നിലെ ശക്തി, വാമൊഴി പ്രചാരണത്തിലൂടെയുള്ള വിശ്വാസ്യത തന്നെയാണ്. ക്ലെയ്ന്റുമായുള്ള മികച്ച ബന്ധവും ഗുണമേന്മയുള്ള സേവനവും ഉറപ്പാക്കുന്നതിലൂടെ മത്സരാധിഷ്ഠിത മാര്‍ക്കറ്റിംഗില്‍ ശ്രദ്ധ കൊടുക്കാതെ തന്നെ സ്ഥാപനം വളര്‍ന്നു. താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയെക്കുറിച്ചുള്ള ഗോവിന്ദിന്റെ ആഴത്തിലുള്ള അറിവുകളും ഈ വിജയയാത്രയോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്.

നിര്‍മാണ മേഖലയ്ക്ക് ഗോവിന്ദ് നല്‍കുന്ന ഏറ്റവും വലിയ സംഭാവനയാണ് കണ്‍സ്ട്രക്ടറി പ്രൈവറ്റ് ലിമിറ്റഡ്. ഡിസൈന്‍, നിര്‍മാണം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ആറ് മാസത്തെ ഫിനിഷിംഗ് സ്‌കൂള്‍ മാതൃകയില്‍ പരിശീലനം നല്‍കുന്ന സംരംഭമാണിത്. ഇവിടെ പരിശീലനം പൂര്‍ത്തിയാക്കുന്ന കഴിവുള്ളവരെ സ്വന്തം സ്ഥാപനങ്ങളില്‍ ജോലി നല്കുന്നതിലൂടെ, ഗോവിന്ദ് ഈ മേഖലയ്ക്ക് ഒരു പുതിയ മാതൃക കൂടിയായി മാറുകയാണ്.
അറിവും അഭിനിവേശവും കുടുംബത്തിന്റെ പിന്തുണയും മുതല്‍ക്കൂട്ടാക്കി നിര്‍മാണ രംഗത്ത് ഒരു സുപ്രധാന ശക്തികേന്ദ്രമായി മാറുകയാണ് ഇന്ന് ഗോവിന്ദും അദ്ദേഹത്തിന്റെ സംരംഭങ്ങളും.





