യംഗ്, ബോള്‍ഡ്, ഹാന്‍ഡ്‌മെയ്ഡ് ; പാഷനും ആത്മവിശ്വാസവും ചേര്‍ത്തുതുന്നിയ സഹലയുടെ വിജയഗാഥ
ചില യാത്രകള്‍ ആരംഭിക്കുന്നത് വലിയ പദ്ധതികളോടെയല്ല, ധൈര്യത്തില്‍ നിന്നു മാത്രമാണ്. തന്റെ ഉള്ളിലെ പാഷനെ ചേര്‍ത്തുപിടിച്ച് മുന്നോട്ട് നടക്കാനൊരുങ്ങുമ്പോള്‍ മലപ്പുറംകാരി സഹല ഷെറിന് പ്രായം 18 വയസായിരുന്നു. ഇന്ന് 21 -ാം വയസില്‍ ഏഴാം കടലിനക്കരെയും കടന്ന് ആളുകള്‍ തേടിയെത്തുന്ന ZAHLA.IN എന്ന സംരംഭത്തില്‍ എത്തിനില്‍ക്കുകയാണ് സഹല.
ലോകമാകെ അനിശ്ചിതത്വത്തിലായ 2021 ലാണ് സഹല തന്റെ ഇഷ്ടമേഖലയായ ക്രാഫ്റ്റിങ്ങിലേക്കുള്ള ആദ്യ ചുവടുവെക്കുന്നത്. സ്‌ക്രാപ്പ് ബുക്കുകളും കൈകൊണ്ട് നിര്‍മിച്ച ഫോട്ടോഫ്രെയിമുകളും തുടങ്ങി അക്കാലത്ത് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും ക്രാഫ്റ്റ് ട്രെന്‍ഡിംഗാകുന്നതിന് മുമ്പേ തന്നെ തന്റേതായൊരിടം സഹല ഈ മേഖലയില്‍ ഉറപ്പിച്ചിരുന്നു. അന്ന് വരുമാനമാര്‍ഗം എന്നതിനേക്കാളുപരി തനിക്ക് ഇഷ്ടമുള്ള ജോലി ചെയ്യുന്നതിലെ ആനന്ദമായിരുന്നു സഹലയ്ക്ക് പ്രധാനം.

ഫോട്ടോഗ്രഫിയോടും താത്പര്യമുണ്ടായിരുന്ന സഹല ഇന്‍സ്റ്റഗ്രാമില്‍ താന്‍ ചെയ്ത ക്രാഫ്റ്റ് വര്‍ക്കുകളുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാന്‍ തുടങ്ങി. കേവലമൊരു ഹോബി മാത്രമായി ആരംഭിച്ച Zahla.in എന്ന സംരംഭം ഇന്ന് കേരളത്തില്‍ മാത്രമല്ല, സൗദി അറേബ്യ, യുഎഇ, മലേഷ്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ നിന്നും ഓര്‍ഡറുകള്‍ ലഭിക്കുന്ന ബ്രാന്‍ഡായി വളര്‍ന്നിരിക്കുകയാണ്. വളര്‍ച്ചയ്‌ക്കൊപ്പം ക്രാഫ്റ്റ് മേഖലയിലെ ട്രെന്‍ഡുകള്‍ക്കൊപ്പം നീങ്ങാനും സഹല പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കസ്റ്റമൈസ്ഡ് വെഡ്ഡിംഗ് കാര്‍ഡുകള്‍, വെഡ്ഡിംഗ്, എന്‍ഗേജ്‌മെന്റ് ഹാംപറുകള്‍, ബര്‍ത്ത്‌ഡേ ഹാംപറുകള്‍, ബൊക്കേ തുടങ്ങി എന്നിവയ്‌ക്കൊപ്പം കസ്റ്റമൈസ്ഡ് ഖുര്‍ആന്‍ ഹാംപറുകളും സഹലയുടെ തട്ടകത്തില്‍ നിന്നും നിര്‍മിക്കപ്പെടുന്നുണ്ട്.
തുടക്കകാലത്ത് ചുറ്റുമുള്ളവരില്‍ നിന്നും കുറ്റപ്പെടുത്തലുകളും സംശയം കലര്‍ന്ന സംഭാഷണങ്ങളുമുണ്ടായിരുന്നുവെങ്കിലും ചോദ്യങ്ങള്‍ക്ക് മുമ്പില്‍ തളരാന്‍ സഹല തയ്യാറായിരുന്നില്ല. തന്റെ ഇഷ്ടത്തെ മുന്നോട്ടുകൊണ്ടുപോകുന്നതേടൊപ്പം കുടുംബത്തെ സാമ്പത്തികമായി തന്നാലാകും വിധം സഹായിക്കാനും സഹല ശ്രദ്ധിച്ചു. മകളുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കാന്‍ മാതാപിതാക്കളും സഹോദരങ്ങളും പരിപൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ടായത് തന്നെയായിരുന്നു തന്റെ കരുത്തെന്നും സഹല കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഏറ്റെടുക്കുന്ന ഓരോ വര്‍ക്കുകളിലേയും വൈവിധ്യവും പെര്‍ഫെക്ഷനും തന്നെയായിരുന്നു Zahla.in നെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കിയത്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് തന്റെ വര്‍ക്കുകള്‍ക്കായി സഹല തിരഞ്ഞെടുക്കുന്നത്. തനിക്ക് മുന്നിലെത്തുന്ന കസ്റ്റമറുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കുകയെന്നതാണ് പ്രധാനമെന്ന് സഹല പറയുന്നു. പൊള്ളയായ വാഗ്ദാനങ്ങളിലൂടെയല്ല, മറിച്ച് തുറന്ന സംഭാഷണങ്ങളിലൂടെയാണ് ഉപഭോക്താവിന്റെ വിശ്വാസം നേടിയേടുക്കേണ്ടതെന്നാണ് സഹലയുടെ പോളിസി.
അക്കൗണ്ടന്റായി രണ്ട് വര്‍ഷത്തോളം വിവിധ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും ക്രാഫ്റ്റിങ്ങാണ് തന്റെ ഇഷ്ടമേഖലയെന്ന് സഹല പറയുന്നു. യുഎഇയില്‍ ജോലി തേടുമ്പോഴും ക്രാഫ്റ്റിങ്ങിനെ മുറുകെ പിടിക്കാനാണ് ഈ 21കാരിയുടെ തീരുമാനം. തന്റെ സ്വപ്‌നങ്ങളെ പിന്തുടരുക മാത്രമല്ല, തിരക്കേറിയ ലോകത്ത് തന്റേതായ ഒരിടം തീര്‍ക്കുക കൂടിയാണ് സഹല. പരിശ്രമിക്കാനുള്ള മനസും ആത്മവിശ്വാസവും തളരാതെ മുന്നേറാനുള്ള കരുത്തുമുണ്ടെങ്കില്‍ സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനാകുമെന്നതിന്റെ തെളിവുകൂടിയാണ് Zahla.in By Zahla Sherin.





