Entreprenuership Success Story

കുഞ്ഞുപുഞ്ചിരികളുടെ വലിയ ലോകം; സോണിയയുടെ ‘ടൈനി കിഡ്ഡോസ്’

Spread the love

ഒരിക്കലും അധ്യാപികയാകണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല ആലപ്പുഴ സ്വദേശിനി സോണിയ ജാക്‌സണ്. സാധാരണ ചെറുപ്പക്കാരിലുണ്ടാകുന്നത് പോലെ വിദേശത്ത് പോകണം, പഠിക്കണം, ജോലി നേടണം അവിടെ സ്ഥിരതാമസമാക്കണം എന്നതൊക്കെ തന്നെയായിരുന്നു സോണിയയുടെ സ്വപ്‌നവും!

ക്യാംപസ് റിക്രൂട്ട്‌മെന്റുകള്‍ പലരുടേയും ജീവിതത്തില്‍ വഴിത്തിരിവാകാറുണ്ട്. സോണിയ ജാക്‌സണിന്റെ ജീവിതത്തിലും അത്തരമൊരു വഴിത്തിരിവായിരുന്നു ക്യാംപസ് റിക്രൂട്ട്‌മെന്റ്. അധ്യാപികയാകണമെന്ന താത്പര്യമേതുമില്ലായിരുന്നു വെങ്കിലും ജോലി കിട്ടിയത് ചെന്നൈയില്‍ അധ്യാപികയായി! ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെല്ലൊരു മടുപ്പോടെയെങ്കിലും സോണിയ ആരംഭിച്ച അധ്യാപന ജീവിതം ഇന്നെത്തി നില്‍ക്കുന്നത് ‘ടൈനി കിഡ്ഡോസ്’ എന്ന കൊച്ചുലോകത്തിന്റെ പഠിപ്പുരയിലാണ്.

ചെന്നൈയില്‍ കൊച്ചുകുട്ടികളോടൊപ്പമുള്ള ദിവസങ്ങളും അവരില്‍ നിന്നു ലഭിക്കുന്ന നിഷ്‌കളങ്കമായ സ്‌നേഹവുമെല്ലാം മുന്നോട്ടു നയിക്കാനുള്ള ഊര്‍ജമായി മാറിയെങ്കിലും വിദേശത്തേക്ക് പോകണമെന്ന ആഗ്രഹത്തില്‍ നിന്ന് സോണിയക്ക് പിന്മാറ്റമൊന്നുമുണ്ടായിരുന്നില്ല. 2020ലെ കൊവിഡ് പ്രതിസന്ധികള്‍ കൂടി വന്നതോടെ ജോലിയവസാനിപ്പിച്ച് യുകെയിലേക്ക് പോകാന്‍ തീരുമാനിച്ചു. പഠനവും ജോലിയുമായി മുന്നോട്ടുപോയെങ്കിലും ജീവിതത്തില്‍ എന്തെന്നില്ലാത്ത ശൂന്യത അനുഭവപ്പെട്ടു തുടങ്ങി. അധ്യാപന കാലയളവില്‍ കുട്ടികള്‍ നല്‍കിയിരുന്ന പൂക്കളും കുഞ്ഞോര്‍മകളും സന്തോഷങ്ങളുമെല്ലാമാണ് നാട്ടില്‍ ‘കിന്റര്‍ഗാര്‍ട്ടന്‍’ ആരംഭിക്കണമെന്ന ചിന്തയിലേക്ക് സോണിയയെ എത്തിച്ചത്.

ആഗ്രഹം തുറന്നു പറഞ്ഞപ്പോള്‍ പിന്തുണയ്ക്കുന്നതിനേക്കാള്‍ വിമര്‍ശിക്കാനായിരുന്നു ചുറ്റുംകൂടി നിന്നവര്‍ക്ക് തിടുക്കം. കുടുംബത്തില്‍ നിന്നും പിന്തുണയുണ്ടായിരുന്നെങ്കിലും നാട്ടിലുള്ള സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു ടൈനി കിഡ്ഡോസിലേക്കുള്ള ഓരോ ചുവടുകളും.

കിന്റര്‍ഗാര്‍ട്ടന്റെ തുടക്കകാലത്തെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടമെല്ലാം യുകെയിലെ ജോലിയ്ക്കിടെ ഓണ്‍ലൈനായായിരുന്നു സോണിയ നടത്തിയത്. നാട്ടിലെ ആവശ്യങ്ങള്‍ക്ക് ഓടിയെത്താന്‍ കുറച്ച് നല്ല സുഹൃത്തുക്കളും അവര്‍ക്കുണ്ടായിരുന്നു. 2024 ഫെബ്രുവരിയിലാണ് തന്റെ സ്വപ്‌നപദ്ധതിയ്ക്കായുള്ള വീട് സോണിയ വാടകയ്‌ക്കെടുക്കുന്നത്. ചുവരുകളില്‍ ചായം പൂശിയും ചിത്രങ്ങള്‍ വരച്ചും കുട്ടികളെ വരവേല്‍ക്കാന്‍ ജൂണോടെ ടൈനി കിഡ്ഡോസ് ഒരുങ്ങി.

സമ്മര്‍ ക്യാമ്പിലൂടെ സംരംഭം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പ്രിയപ്പെട്ടതായി മാറി. ഏഴ് കുട്ടികളായിരുന്നു ക്യാമ്പിലെത്തിയത്. എന്നാല്‍ ക്ലാസ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ അഡ്മിഷനെടുക്കാന്‍ കുട്ടികള്‍ എത്താതിരുന്നതായിരുന്നു സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയത്. തുടക്കത്തില്‍ മൂന്ന് കുട്ടികള്‍ മാത്രമായിരുന്നു ടൈനി കിഡ്ഡോസില്‍ അഡ്മിഷനെടുത്തത്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 26 ലേറെ വിദ്യാര്‍ത്ഥിളുള്ള കിന്റര്‍ഗാര്‍ട്ടനായി മാറിയിരിക്കുകയാണ് ടൈനി കിഡ്ഡോസ്.

വളര്‍ച്ചയുടെ ഓരോ ഘട്ടവും ഏറെ ശ്രദ്ധയോടെയായിരുന്നു സോണിയ കൈകാര്യം ചെയ്തത്. പാഠപുസ്തകങ്ങളിലെ അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതിന് പുറമെ സമൂഹത്തില്‍ ജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക കൂടിയാണ് തന്റെ സംരംഭത്തിലൂടെ സോണിയ. ‘എ ഫോര്‍ ആപ്പിള്‍’ എന്ന പതിവ് പല്ലവിക്ക് പകരം, ആപ്പിളിനെ സ്പര്‍ശനത്തിലൂടെയും അനുഭവത്തിലൂടെയും കളിയിലൂടെയും പഠിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സോണിയ വ്യക്തമാക്കുന്നുണ്ട്.

തനിക്ക് മുന്നിലെത്തുന്ന ഓരോ കുട്ടിയേയും സ്വന്തമെന്ന് കണ്ടാണ് നടത്തുന്ന പ്രവര്‍ത്തനങ്ങളത്രയും. വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ നിന്നല്ലാതെ കുട്ടികളെ ചുറ്റുമുള്ളവരുമായി ഇടപഴകി, സമൂഹവുമായി ബന്ധപ്പെടുത്തി വളര്‍ത്തിയെടുക്കുകയാണ് പ്രധാനമെന്ന് സോണിയ പറയുന്നു. രണ്ട് വയസു മുതല്‍ കുട്ടികള്‍ക്ക് ഇത് സംബന്ധിച്ച വിദ്യാഭ്യാസവും പരിചരണവും ഉറപ്പാക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

നഷ്ടങ്ങളും കുത്തുവാക്കുകളും ഏറെയുണ്ടായിരുന്നുവെങ്കിലും തന്നിലേക്കെത്തുന്ന നിഷ്‌കളങ്കമായ പുഞ്ചിരികളാണ് സോണിയയെ മുന്നോട്ടുനയിക്കുന്ന ഊര്‍ജം. ശരിയായ സമയത്തിനായി കാത്തിരിക്കാതെ, മറ്റാരും പിന്തുണയുമായെത്തുന്നത് കാത്തുനില്‍ക്കാതെ, ആത്മവിശ്വാസത്തോടെ മുന്നോട്ടു ചുവടുവെക്കണം. വിജയും പരാജയവും പാഠങ്ങളായി ഉള്‍ക്കൊണ്ട്, മുന്നേറാനുള്ള ഊര്‍ജമാണ് പ്രധാനമെന്നും സോണിയ കൂട്ടിച്ചേര്‍ക്കുന്നു.

തന്റെ കഠിനാധ്വാനത്തിലൂടെ, അധ്യാപനമെന്ന പില്‍ക്കാലത്തെത്തിയ പാഷനിലൂടെ, സോണിയ കെട്ടിപ്പടുത്തത് കിന്റര്‍ഗാര്‍ട്ടന്‍ മാത്രമല്ല, വാതില്‍ തുറന്നെത്തുന്ന ഓരോ കുട്ടികള്‍ക്കുമായുള്ള സ്‌നേഹത്തിന്റേയും കരുതലിന്റേയും സന്തോഷത്തിന്റേയും മറ്റൊരു വീടു കൂടിയാണ്.

https://www.instagram.com/tinykiddoskindergarten/?igsh=dDM0YTlvZnZvbHUx&utm_source=qr#

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

Spread the loveറിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍