ബിയോണ്ട് 60, ബിയോണ്ട് ലിമിറ്റ്‌സ്; ഡോ. ലത പൈയുടെ സംരംഭകയാത്ര
തിരക്കുകളില്‍ നിന്നും ഒരു താത്ക്കാലിക വിരാമം വേണമെന്ന് പലരും ചിന്തിക്കുന്ന പ്രായത്തിലാണ് എറണാകുളം സ്വദേശിനി ലത പൈ തന്റെ പാഷനൊപ്പം സഞ്ചരിക്കാന്‍ തീരുമാനിക്കുന്നത്. പൈതൃകങ്ങളേറെയുള്ള രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി രൂപപ്പെടുന്ന തനതായ വൈദഗ്ധ്യങ്ങളോട് പണ്ടേ ഡോക്ടര്‍ക്ക് താത്പര്യമുണ്ടായിരുന്നു. ജോലി സംബന്ധമായും അല്ലാതെയുമുള്ള യാത്രകളില്‍ വിവിധ സ്ഥലങ്ങളിലെ യുണീഖ് വസ്ത്രങ്ങളും ആന്റിഖ് പീസുകളും ശേഖരിക്കുന്നതും ലതയ്ക്ക് പതിവായിരുന്നു. ആ താത്പര്യമാണ് ‘ജീവ ബുട്ടീഖ്’ എന്ന ലതയുടെ സ്വപ്‌ന സംരംഭത്തിന് വഴിയൊരുക്കിയതും.
ഡോക്ടര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥ, മകള്‍, അമ്മ, ഭാര്യ തുടങ്ങി തസ്തികകള്‍ മാറി വന്നെങ്കിലും തന്റേതായി ഒന്നും സൃഷ്ടിക്കാനായില്ലെന്നതായിരുന്നു 2020ല്‍ റിട്ടയറായപ്പോള്‍ ഡോ. ലതയുടെ ആശങ്ക. പുതുതായി എന്ത് ചെയ്യാനാകുമെന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒടുവിലെത്തി നിന്നത് തനിക്കേറെ പ്രിയപ്പെട്ട സാരികളിലേക്കായിരുന്നു.

പദ്ധതിയെ കുറിച്ച് തുറന്നുപറഞ്ഞപ്പോള്‍ പിന്തുണയേക്കാളേറെ വിമര്‍ശകരായിരുന്നു കൂടുതല്‍. പാതിവഴിയില്‍ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചെങ്കിലും സംരംഭമെന്ന സ്വപ്‌നം ലതയുടെ ഉള്ളില്‍ അപ്പോഴും ആളിക്കത്തിക്കൊണ്ടേയിരുന്നു. ഇതിന്റെ ബാക്കിപത്രമായാണ് ഭര്‍ത്താവിന്റെയും മക്കളുടേയും പിന്തുണയോടെ ജീവ ബുട്ടീഖ് എന്ന സംരംഭം ആരംഭിക്കുന്നത്.
ഇടപ്പള്ളിയിലെ വീടിന്റെ ആദ്യ നിലയിലൊരുക്കിയിരിക്കുന്ന ബുട്ടീഖില്‍ ട്രഡീഷണല്‍ വെയര്‍, വെസ്‌റ്റേണ്‍ വെയര്‍ ജ്വല്ലറി എന്നിവ ലത ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളുടെ പൈതൃകമോതുന്ന സാരികള്‍, റെഡിമെയ്ഡ് ബ്ലൗസ്, ചുരിദാര്‍, തുണിത്തരങ്ങള്‍ എന്നിവ ഓരോ സ്ഥലത്തും നേരിട്ടെത്തിയാണ് ലത പര്‍ച്ചേസ് ചെയ്യുന്നത്.
അജ്‌റക് പ്രിന്റ് മുതല്‍ കാഷ്വല്‍ വെയര്‍ പാന്റ്‌സുകള്‍ വരെ ജീവ ബുട്ടീഖിലുള്ള ഓരോ പീസുകളിലും ലതയുടെ കയ്യൊപ്പും തുന്നിച്ചേര്‍ന്നിട്ടുണ്ട്. സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ലതയെ സംബന്ധിച്ച് സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കു ഉതകും വിധം കുറഞ്ഞ നിരക്കില്‍, ഉയര്‍ന്ന ‘ക്വാളിറ്റി’യോടെ എലഗന്റ് ക്ലാസി ഡിസൈനുകളാണ് ജീവ ബുട്ടീഖില്‍ ഒരുങ്ങുന്നത്. 32 മുതല്‍ 52 വരെ സൈസിലുള്ള വസ്ത്രങ്ങളിലൂടെ ശരീരപ്രകൃതിയോ പ്രായമോ വക വയ്ക്കാതെ സ്ത്രീകളെ ഫാഷനിലൂടെ സ്വയം പ്രശംസിക്കുന്ന ലോകത്തേക്ക് ക്ഷണിക്കുകയാണ് ലത.
‘റിട്ടയറായില്ലേ, വിശ്രമമല്ലേ ഉചിത’മെന്ന് ചോദിച്ചവര്‍ക്ക് മുന്നില്‍ പതറാതെ തന്റെ പാഷനൊപ്പം സഞ്ചരിക്കാനായിരുന്നു ലതയുടെ തീരുമാനം. ഭര്‍ത്താവിന്റെ പ്രോത്സാഹനത്തോടെ യാത്രകള്‍ ചെയ്തു, പഠിച്ചു, ജീവിതത്തേയും താത്പര്യത്തേയും കണ്ടെത്തി, ഓരോ കണികകളായി തന്റെ ബ്രാന്‍ഡിനെ പടുത്തുയര്‍ത്തി.
ഭര്‍ത്താവ് മരണപ്പെട്ടതോടെ ലതയ്ക്ക് കരുത്തായി മക്കളും ഒപ്പമെത്തിയിരുന്നു. ഇന്ന് ഇന്ത്യയിലുടനീളം ഓര്‍ഡറുകള്‍ ലഭിക്കുന്ന സംരംഭമാണ് ജീവ ബുട്ടീഖ്. സ്‌റ്റോറിന് പുറമെ ഓണ്‍ലൈന്‍ സേവനങ്ങളും സംരംഭം ഉറപ്പാക്കുന്നുണ്ട്. വെസ്‌റ്റേണ്‍വെയറുകള്‍ക്കും ആഭരണങ്ങള്‍ക്കുമായി മറ്റൊരു സ്‌റ്റോര്‍ ആരംഭിക്കാനുള്ള ചുവടുവെപ്പിലാണ് ലത ഇന്ന്.

ഉള്ളില്‍ കനലുള്ള സ്ത്രീകള്‍ക്ക് വിരമിക്കല്‍ ഒരു അവസാനമല്ല, മാറ്റത്തിന്റെ പുതിയ അധ്യായം മാത്രമാണ്. സ്വപ്‌നങ്ങള്‍ക്ക് സമയപരിധിയില്ലെന്നും ധൈര്യത്തിന് പ്രായമില്ലെന്നുമുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ജീവ ബുട്ടീഖ്.





