മസില്‍ മാത്രമല്ല, ജീവിതശൈലിയാണ് ഫിറ്റ്‌നസ്; മാറ്റത്തിന്റെ പുതിയ വഴിയുമായിഅമല്‍ എം. നായരും ‘ഫിട്രെക്‌സ് ക്ലബും’
ഓരോ പുതുവര്‍ഷത്തിലും അല്ലെങ്കില്‍ ഓരോ തിങ്കളാഴ്ചയും നാം എടുക്കുന്ന ഏറ്റവും വലിയ തീരുമാനമായിരിക്കും ‘നാളെ മുതല്‍ വ്യായാമം തുടങ്ങണം’ എന്നത്. എന്നാല്‍ പലപ്പോഴും ആ ആവേശം ഒരാഴ്ചയ്ക്കപ്പുറം നീളാറില്ലെന്നതാണ് വാസ്തവം. ജിമ്മില്‍ പോകാനുള്ള മടി, കൃത്യമായ ഡയറ്റ് പിന്തുടരാനുള്ള ബുദ്ധിമുട്ട്, എവിടെ തുടങ്ങണം എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം—ഇങ്ങനെയുള്ള ‘സ്റ്റാര്‍ട്ടിംഗ് ട്രബിളുകള്‍’ കാരണം പകുതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന ആരോഗ്യസ്വപ്‌നങ്ങള്‍ക്ക് ഒരു പരിഹാരമായാണ് കൊച്ചി കേന്ദ്രമാക്കി ‘ഫിട്രെക്‌സ് ക്ലബ്’ (Fitrex Club) പ്രവര്‍ത്തനമാരംഭിക്കുന്നത്. കൊല്ലം സ്വദേശിയായ അമല്‍ എം. നായര്‍ എന്ന യുവാവിന്റെ കഠിനാധ്വാനത്തിന്റെയും പാഷന്റെയും ഫലമാണ് ഈ വേറിട്ട സംരംഭം.

ഇലക്ട്രിക്കല്‍ എഞ്ചിനീയറായ അമല്‍, പഠനത്തോടൊപ്പം തന്നെ കളരിയും ബോഡി ബില്‍ഡിംഗും അഭ്യസിച്ചിരുന്നു. തിരക്കുകള്‍ക്കിടയിലും സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യനിലും ഫിറ്റ്‌നസ് ട്രെയിനിംഗിലും ഡിപ്ലോമ കരസ്ഥമാക്കിയ അമല്‍, പതിയെ തന്റെ പാഷനെ ഒരു പ്രൊഫഷനാക്കി മാറ്റാന്‍ തീരുമാനിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഫ്രീലാന്‍സ് ആയി നല്‍കി വന്നിരുന്ന പരിശീലനങ്ങളിലൂടെയായിരുന്നു അമലിന്റെ തുടക്കം. കേവലം ഒരു ട്രെയിനര്‍ എന്നതിന് അപ്പുറത്തേക്ക് ഫിറ്റ്‌നസ് രംഗത്ത് നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകുകയെന്ന ലക്ഷ്യത്തില്‍ നിന്നാണ് ഫിട്രെക്‌സ് എന്ന തന്റെ സംരംഭത്തിന് അമല്‍ തുടക്കം കുറിക്കുന്നത്.
കേരളത്തിലെ മിക്ക ഫിറ്റ്‌നസ് സെന്ററുകളും ബോഡി ബില്‍ഡിംഗിന് പ്രാധാന്യം നല്‍കുമ്പോള്‍, ഫിട്രെക്‌സ് ക്ലബ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒരു വ്യക്തിയുടെ പൂര്‍ണമായ ആരോഗ്യത്തിലാണ്. വെറും വ്യായാമം മാത്രമല്ല, സെല്‍ഫ് ഡിഫന്‍സ്, മെഡിറ്റേഷന്‍, മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള കൗണ്‍സിലിംഗുകള്‍ എന്നിവയുള്‍പ്പെടെയുള്ള സമഗ്രമായ പാക്കേജാണ് ഫിട്രെക്‌സ് ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുന്നത്.

സപ്ലിമെന്റുകള്‍ പൂര്‍ണമായും ഒഴിവാക്കി, സ്വാഭാവികമായ രീതിയിലുള്ള ആരോഗ്യ പരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നത് തന്നെയാണ് ഫിട്രെക്‌സിനെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഓഫ്‌ലൈന്‍ ക്ലാസുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതോടൊപ്പം ഓണ്‍ലൈന്‍ സെഷനുകളും ഫിട്രക്‌സ് ഒരുക്കുന്നുണ്ട്. തങ്ങളെ സമീപിക്കുന്ന ഓരോ വ്യക്തിയുടേയും ജീവിത ആരോഗ്യ ചുറ്റുപാടുകള്‍ വ്യക്തമായി മനസിലാക്കിയ ശേഷമാണ് ഫിട്രെക്‌സ് പരിശീലനവും ഭക്ഷണക്രമവും ഒരുക്കുന്നത്.

ജിമ്മില്‍ പോകാന്‍ മടിയുള്ളവര്‍ക്കും, കൃത്യമായ ജീവിതശൈലി പിന്തുടരാന്‍ പ്രയാസപ്പെടുന്നവര്‍ക്കുമായി ഫിട്രെക്‌സ് ക്യാഷ് ബാക്ക് പദ്ധതിയും ഒരുക്കുന്നുണ്ട്. മൂന്ന് മാസം നീളുന്ന പാക്കേജുകളാണ് ഫിട്രെക്‌സ് നല്‍കുന്നത്. ഇതില്‍ ടീം നിശ്ചയിച്ച സമയപരിധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്‍കിയ ഫീസില്‍ നിന്നും 40 ശതമാനം ക്യാഷ്ബാക്ക് ആയി നല്‍കുന്നുവെന്നത് ഉപഭോക്താക്കളില്‍ വ്യായാമം ചെയ്യാനുള്ള താത്പര്യം വര്‍ധിപ്പിക്കുകയും ആരോഗ്യപരമായ ജീവിതശൈലി പിന്തുടരാന്‍ പ്രചോദനമാകുകയും ചെയ്യുമെന്ന് ഫിട്രെക്‌സ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇതിനുപുറമെ ആദ്യത്തെ 100 ഉപഭോക്താക്കള്‍ക്ക് ലൈഫ് ടൈം മെമ്പര്‍ഷിപ്പ് എന്ന മികച്ച ഓഫറും ഫിട്രെക്‌സ് ക്ലബ് മുന്നോട്ട് വെക്കുന്നുണ്ട്.
ഫിട്രെക്‌സ് ക്ലബ് എന്ന പാരന്റ് കമ്പനിക്കു കീഴില്‍ മൂന്ന് ഉപവിഭാഗങ്ങള്‍ തുടങ്ങാനാണ് അമലിന്റെ ലക്ഷ്യം. അതിലൊന്ന് ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി പഠിച്ച ശേഷം അവര്‍ക്ക് അനുയോജ്യമായ ഭക്ഷണക്രമം നിര്‍ദ്ദേശിക്കുന്ന ഡയറ്റ് വിഭാഗമായിരിക്കും.

കേവലമൊരു ബിസിനസ് എന്നതിലുപരി, ഭാവിയില്‍ പ്രകൃതി സംരക്ഷണത്തിനും മൃഗസംരക്ഷണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അടിത്തറ കൂടിയാണ് അമലിനെ സംബന്ധിച്ച് ഫിട്രെക്‌സ്. ആദ്യം എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചെങ്കിലും, അമലിന്റെ കഠിനാധ്വാനവും ആത്മാര്‍ത്ഥതയും വ്യക്തമായതോടെ അധ്യാപകരായ മാതാപിതാക്കളും ഇന്ന് പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. തോറ്റുകൊടുക്കാന്‍ തയ്യാറാകാത്ത മനസ്സും, മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരണമെന്ന ആഗ്രഹവുമാണ് അമല്‍ എം. നായര്‍ എന്ന യുവ സംരംഭകന്റെ വിജയമന്ത്രം.
For connecting us, please visit:
https://www.facebook.com/p/Fitrex-Club-61583209166724
https://www.instagram.com/fitrexclub?igsh=MXQxbzcxaDRsY3BrZA==





