Success Story

കോട്ടയത്തു നിന്ന് മണാലിയിലേക്ക്; ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയില്‍ വിരിഞ്ഞ ചൊവ്വ ലോകമെന്ന സ്വപ്‌നസാമ്രാജ്യം

മഞ്ഞുപുതച്ച മലനിരകളും ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലെ സുന്ദരമായ സായാഹ്നങ്ങളും സ്വപ്‌നം കാണാത്ത സഞ്ചാരികള്‍ ചുരുക്കമാണ്. എന്നാല്‍ പലപ്പോഴും ഇത്തരം യാത്രകള്‍ പകുതിവഴിയില്‍ തളരുന്നത് കൃത്യമായ പ്ലാനിംഗിന്റെ അഭാവം കൊണ്ടോ, അല്ലെങ്കില്‍ അന്യനാട്ടില്‍ ചതിക്കപ്പെടുമോ എന്ന ഭയം കൊണ്ടോ ആണ്. വലിയ സ്വപ്‌നങ്ങളുമായി മണാലിയിലെ ഹിമപാതങ്ങള്‍ തേടിപ്പോകുന്ന സഞ്ചാരികള്‍ക്ക് സ്വന്തം വീട്ടിലെന്നപോലെ സുരക്ഷിതമായി താമസിക്കാനും മണാലിയുടെ വശ്യസൗന്ദര്യം ആസ്വദിക്കാനും ഒരു മലയാളി കുടുംബം തന്നെ അവിടെ കാവലുണ്ടെങ്കിലോ? ആ ഉറപ്പാണ് ‘ചൊവ്വ ലോകം (Chovva Lokam) ക്ലബ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്’.

മണാലിയിലെ വോള്‍വോ സ്റ്റാന്‍ഡില്‍ ഒരു സാധാരണ ഗൈഡായി ജോലി ചെയ്താണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ നിഷാദ് തന്റെ യാത്ര തുടങ്ങിയത്. സഞ്ചാരികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അടിസ്ഥാന സുരക്ഷിത സേവനങ്ങളുടെ ലഭ്യതക്കുറവും നേരില്‍ കണ്ടറിഞ്ഞ അദ്ദേഹം, അതിനൊരു പരിഹാരമെന്ന നിലയിലാണ് യാത്രികര്‍ക്കായി ഒരിടമൊരുക്കാമെന്ന ആശയത്തിലേക്ക് എത്തുന്നത്.

നിഷാദും ഭാര്യ സംഗീതയുമാണ് ചൊവ്വ ലോകം എന്ന ആശയത്തിന് പിന്നിലെ ശക്തികള്‍. വെറുമൊരു ട്രാവല്‍ ഏജന്‍സി എന്നതിലുപരി, അതിഥികള്‍ക്ക് ഹൃദ്യമായ യാത്രാനുഭവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന ദമ്പതികള്‍ ടൂറിസം മേഖലയിലേക്ക് ചുവടുവെക്കുന്നത്. തുടക്കത്തില്‍ വ്യക്തിപരമായി പാക്കേജുകള്‍ നല്‍കിവന്നിരുന്ന ഇവര്‍ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ചൊവ്വ ലോകം എന്ന സംരംഭത്തിന് തുടക്കം കുറിക്കുന്നത്,

ഹോം സ്‌റ്റേകളില്‍ നിന്നും തുടങ്ങി റിസോര്‍ട്ടുകളിലേക്കും ഹോട്ടലുകളിലേക്കും ചൊവ്വ ലോകം ക്രമേണ ചുവടുറപ്പിച്ചു. ഇന്ന് 23 ഓളം മുറികളുള്ള സ്വന്തം റിസോര്‍ട്ട് കേന്ദ്രീകരിച്ചാണ് സംരംഭം യാത്രികര്‍ക്കുള്ള പാക്കേജൊരുക്കുന്നത്. കാലാവസ്ഥയ്ക്ക് അനുസൃതമായ പ്രത്യേക ‘ഫയര്‍ റൂമുകള്‍’, ഹൈസ്പീഡ് 5G വൈഫൈ, കേരളീയ രുചിയോട് ചേര്‍ന്നുനില്‍ക്കുന്ന ഭക്ഷണങ്ങള്‍ എന്നിവയാണ് തങ്ങള്‍ക്ക് മുന്നിലെത്തുന്ന സഞ്ചാരികള്‍ക്ക് ചൊവ്വ ലോകമൊരുക്കുന്ന പ്രധാന സൗകര്യങ്ങള്‍. ഡല്‍ഹിയില്‍ നിന്ന് മണാലിയിലേക്കുള്ള യാത്ര മുതല്‍ ചെക്ക്ഇന്‍, ചെക്ക് ഔട്ട് വരെ ഓരോ സഞ്ചാരിക്കും പേഴ്‌സണല്‍ റിലേഷന്‍ഷിപ്പ് മാനേജറുടെ സേവനവും സംരംഭം ഉറപ്പാക്കുന്നുണ്ട്.

ഹിമാചലിലെ ആപ്പിള്‍ തോട്ടങ്ങള്‍ക്കിടയിലാണ് ചൊവ്വ ലോകത്തിന്റെ കോട്ടേജുകള്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് ഏക്കറിലായി പടര്‍ന്നു കിടക്കുന്ന ആപ്പിള്‍, പ്ലം, പിയര്‍ മരങ്ങള്‍ അതിഥികള്‍ക്ക് വേറിട്ടൊരു അനുഭവവും ഉറപ്പാക്കുന്നുണ്ട്. വര്‍ഷത്തില്‍ വെറും 230 പാക്കേജുകള്‍ മാത്രമാണ് ചൊവ്വ ലോകം ഏറ്റെടുക്കുന്നത്. എണ്ണത്തേക്കാള്‍ ഉപരിയായി വരുന്ന അതിഥികളുടെ സംതൃപ്തിക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്. ഡല്‍ഹിയില്‍ നിന്നും മണാലിയിലേക്കും തിരിച്ചുമുള്ള വോള്‍വോ യാത്രയും സൈറ്റ് സീയിംഗും ഉള്‍പ്പെടെ 39,000 രൂപയ്ക്ക് രണ്ട് പേര്‍ക്കുള്ള കംപ്ലീറ്റ് പ്രൈവറ്റ് പാക്കേജുകള്‍ മുതല്‍ നീളുന്നതാണ് ചൊവ്വ ലോകത്തിന്റെ സേവനങ്ങള്‍.

അന്വേഷണങ്ങള്‍ വരുന്ന പ്രകാരം ഓരോ ക്ലെയ്ന്റിനേയും അവരുടെ യാത്രാസൗകര്യവും തീയതിയും കൃത്യമായി മനസിലാക്കിയാണ് ചൊവ്വ ലോകം പാക്കേജുകള്‍ ഒരുക്കുന്നത്. അഞ്ച് ദിവസും ആറ് രാത്രികളും നീളുന്ന പാക്കേജില്‍ ഓരോ ദിവസത്തേയും യാത്ര സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി ക്ലെയ്ന്റുകളെ ബോധ്യപ്പെടുത്താനും സംരംഭം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നിഷാദിന്റേയും സംഗീതയുടേയും ആരോഗ്യരംഗത്തെ പ്രവൃത്തി പരിചയം തന്നെയാണ് ചൊവ്വാലോകത്തിന്റെ പ്രധാന സവിശേഷത.

ഒരു നഴ്‌സിന്റെ കരുതലോടെയും സ്‌നേഹത്തോടെയും അതിഥികളെ സ്വീകരിക്കുന്ന ഈ കുടുംബം, മണാലിയിലെ കാലാവസ്ഥയനുസരിച്ച് സഞ്ചാരികള്‍ക്ക് ആവശ്യമായ ആരോഗ്യ നിര്‍ദ്ദേശങ്ങളും മരുന്നുകളും വസ്ത്രധാരണ രീതികളും കൃത്യമായി പറഞ്ഞുനല്‍കുന്നു. ഡോക്ടര്‍, നഴ്‌സ് എന്നിവരുടെ സഹായങ്ങളും സമീപത്തെ ആശുപത്രികളുമായുള്ള ടൈഅപ്പും ചൊവ്വ ലോകത്തെ മറ്റ് ട്രാവല്‍ കമ്പനികളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നുണ്ട്. വര്‍ഷങ്ങളേറെയായി മണാലിയില്‍ താമസിച്ചുവരുന്നതിനാല്‍ തന്നെ പ്രാദേശികരുടെ സഹായങ്ങളും ചൊവ്വ ലോകത്തിന് ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്.

ടൂറിസത്തിന് പുറമെ മണാലിയിലെ തനത് ആപ്പിള്‍, ജാം, അച്ചാര്‍ തുടങ്ങിയവ നേരിട്ട് കേരളത്തിലേക്ക് എത്തിക്കുന്ന എക്‌സ്‌പോര്‍ട്ട് ബിസിനസും ഇവര്‍ വിജയകരമായി നടത്തുന്നു. ഫ്രഷ് ടു ഹോം എന്ന ആശയത്തില്‍ പ്രവര്‍ത്തിക്കുന്ന സംരംഭത്തിലൂടെ വിളവെടുപ്പിന് ശേഷം പത്ത് ദിവസത്തിനുള്ളില്‍ ഉപഭോക്താവിലേക്ക് ഉത്പന്നമെത്തും.

മണാലി ക്രൈം കണ്‍ട്രോള്‍ എന്‍ജിഒകളിലും സജീവമാണ് നിഷാദ്. ഭാവിയില്‍ കേരളത്തില്‍ ഒരു പഞ്ചനക്ഷത്ര റിസോര്‍ട്ട് തുടങ്ങുക എന്നതാണ് ഈ ദമ്പതികളുടെ അടുത്ത സ്വപ്‌നം. കഠിനാധ്വാനവും ആത്മാര്‍ത്ഥതയും ഉണ്ടെങ്കില്‍ ഒരു വിദേശ രാജ്യത്തോ അന്യസംസ്ഥാനത്തോ സ്വന്തമായി ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാം എന്ന് ചൊവ്വാലോകത്തിലൂടെ തെളിയിക്കുക കൂടിയാണ് ഈ ദമ്പതികള്‍.

മഞ്ഞ് വീണ താഴ്‌വരകളെ സ്വപ്‌നം കാണുന്നവര്‍ക്ക് മുന്‍പില്‍ ചൊവ്വാലോകത്തിന്റെ വാതിലുകള്‍ തുറന്നുകിടക്കുന്നു. മഞ്ഞിന്റെ കുളിരും ആപ്പിള്‍ തോട്ടങ്ങളുടെ ഭംഗിയും ഒപ്പം സ്വന്തം വീടിന്റെ സുരക്ഷിതത്വവും കൂടിയാണ് സഞ്ചാരികള്‍ക്കായി ചൊവ്വാലോകം വാഗ്ദാനം ചെയ്യുന്നത്.

https://www.facebook.com/chovvalokam

https://www.instagram.com/chovvalokam?igsh=OHd6Y3lkdWgzMDdt

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

ചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ ഊട്ടി വളര്‍ത്തി,