സ്‌ക്രീനില്‍ നോക്കേണ്ട, കുഞ്ഞുങ്ങള്‍ ഇനി കഥ കേട്ടുറങ്ങട്ടെ
കഥ പറച്ചിലിന്റെ ആയിരം രാത്രികളും കടന്ന് ലാലാ സ്‌റ്റോറീസ്
നിഗൂഢതകള്‍ ഒളിപ്പിച്ച കാടുകളും സംസാരിക്കുന്ന മൃഗങ്ങളും പറക്കുന്ന പരവതാനികളുമുള്ള കഥകളുടെ മായികലോകം കടന്നുവന്നവരായിരിക്കും നമ്മളില്‍ ഭൂരിഭാഗവും. ഉറങ്ങാന്‍ നേരം നമ്മള്‍ കേട്ട കഥകള്‍ ഇന്ന് കുഞ്ഞുങ്ങള്‍ക്ക് നഷ്ടപ്പെടുന്നുണ്ട് എന്നു തോന്നുന്നുണ്ടോ? ആ കഥകളുടെ സ്ഥാനത്ത് ഇന്ന് വെളിച്ചം ചിതറുന്ന മൊബൈല്‍ സ്‌ക്രീനാണ് പല കുട്ടികളുടെയും മുന്നിലെത്തുന്നത്. കുഞ്ഞുങ്ങളുടെ കണ്ണുകളെ തളര്‍ത്തുകയും അവരില്‍ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യുന്ന ഈ സ്‌ക്രീനുകള്‍ക്ക് പകരം, അവരുടെ ഭാവനയ്ക്ക് ചിറകുകള്‍ നല്‍കി, കഥകളുടെ ലോകത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോകുകയാണ് ലാലാ സ്‌റ്റോറീസ് (Lala Stories).

കുട്ടികള്‍ക്ക് ഓഡിയോ കഥകള്‍ നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌റ്റോറി ടെല്ലിങ് ആപ്ലിക്കേഷനാണ് ലാലാ സ്‌റ്റോറീസ്. മൂന്നു വയസ്സു മുതല്‍ പത്തു വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഉറങ്ങാന്‍ നേരം രസകരമായ ഓഡിയോ കഥകളുമായി എന്നും എട്ടുമണിക്ക് ലാല കുട്ടികളുടെ മുന്നിലെത്തുന്നു. 2020ലെ കോവിഡ് കാലത്താണ് ലാലാ സ്‌റ്റോറീസിന്റെ തുടക്കം. തന്റെ കുഞ്ഞിന് ദിവസവും രാത്രി പുതിയ കഥകള്‍ എങ്ങനെ പറഞ്ഞുകൊടുക്കും എന്ന ഒരു അച്ഛന്റെ ചിന്തയില്‍ നിന്നാണ് ഈ ആശയം ജനിച്ചത്.
സാധാരണ യൂട്യൂബ് ചാനലായി തുടങ്ങിയ ലാലാ സ്‌റ്റോറീസ്, ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് കുട്ടികളുടെ പ്രിയപ്പെട്ട ‘ലാലാ ചേച്ചി’യായി മാറി. 2022ല്‍ പ്രഫഷണല്‍ ആപ്ലിക്കേഷനായി മാറിയ ലാല ആപ്പ് ഇന്ന് മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളിലായി രണ്ടര ലക്ഷത്തിലധികം ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനാണ്.
2500ലധികം കഥകളാണ് ലാലാ ആപ്പിലുള്ളത്. ദൃശ്യങ്ങള്‍ ഇല്ല എന്നതാണ് ലാലാ സ്‌റ്റോറീസിന്റെ ഏറ്റവും വലിയ സവിശേഷത. ഫോണ്‍ സ്‌ക്രീന്‍ ഓഫ് ചെയ്തു വച്ച് കുട്ടികള്‍ക്ക് കഥ കേള്‍ക്കാം. ലാലാ എന്ന കഥാപാത്രം രസിക്കുന്ന രീതിയില്‍ പറഞ്ഞു കൊടുക്കുന്ന കഥകള്‍ കേള്‍ക്കുമ്പോള്‍ കുട്ടികള്‍ ആ ലോകം ഭാവനയില്‍ കാണാന്‍ തുടങ്ങുന്നു. ഇത് അവരുടെ ചിന്താശേഷിയെയും ഭാവനയെയും വളര്‍ത്താന്‍ ഏറെ സഹായിക്കും.
കുട്ടികളോട് ചോദ്യങ്ങള്‍ ചോദിച്ചും വിശേഷങ്ങള്‍ പങ്കുവച്ചുമുള്ള ‘ആക്റ്റീവ് മോഡി’ല്‍ കഥ പറഞ്ഞു തുടങ്ങുന്ന ലാല അവരുമായി ഒരു ഇമോഷണല്‍ ബോണ്ടിങ് ഉണ്ടാക്കുന്നു. പതുക്കെ ‘പാസ്സീവ് മോഡി’ലേക്ക് കടക്കുന്ന കഥ ഉറക്കത്തെ സഹായിക്കുന്ന ചെറിയ ബാക്ഗ്രൗണ്ട് മ്യൂസിക്കിന്റെ സഹായത്തോടെ തുടരും. കുട്ടികള്‍ ലാല പറയുന്ന കഥകള്‍ കേട്ട് പതുക്കെ സുഖകരമായ ഉറക്കത്തിലേക്ക് കടക്കുന്നു. പത്തു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ളതാണ് ഓരോ കഥകളും.
70 ശതമാനം മാതാപിതാക്കളും കുട്ടികളെ ഭക്ഷണം കഴിപ്പിക്കാന്‍ ഫോണ്‍ നല്‍കുന്നുണ്ടെന്നാണ് കേരളത്തില്‍ നടത്തിയ പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. മൂന്നു വയസ്സില്‍ താഴെയുള്ള പത്തില്‍ ഒന്‍പത് കുട്ടികളും സ്‌ക്രീന്‍ കാണുന്നുണ്ടത്രേ. സ്‌ക്രീന്‍ അഡിക്ഷന്‍ കുട്ടികളുടെ മാനസിക വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാരുള്‍പ്പെടെ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെങ്കിലും ഈ ശീലത്തെ മാറ്റിയെടുക്കാന്‍ പ്രയാസപ്പെടുന്നവരാണ് ഏറെയും.
മാറിവരുന്ന ജീവിത ചുറ്റുപാടുകള്‍ക്കും വളരുന്ന സാങ്കേതിക വിദ്യകള്‍ക്കുമിടയില്‍ കുട്ടികളിലെ സ്‌ക്രീന്‍ ടൈം കുറയ്ക്കാന്‍ മാതാപിതാക്കളെ സഹായിക്കുക എന്നതാണ് ലാലയുടെ പ്രധാന ലക്ഷ്യം. കുട്ടികളും വീട്ടിലുള്ളവരും ചേര്‍ന്ന് കഥ കേള്‍ക്കുക എന്ന ആശയത്തിലൂടെ ഒരു ‘ഫാമിലി ടൈം’ ആണ് ലാല മുന്നോട്ടു വയ്ക്കുന്നത്. ഹൈപ്പര്‍ ആക്ടിവിറ്റി, അറ്റന്‍ഷന്‍ ഡെഫിഷ്യന്‍സി (ADHD) തുടങ്ങിയ പ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്ക് പോലും കഥകള്‍ ഫലപ്രദമാണെന്ന് സൈക്കോളജിസ്റ്റുകള്‍ അടക്കം ഇന്ന് സാക്ഷ്യപ്പെടുത്തുന്നു.

ലാലാ സ്‌റ്റോറീസ് ഇവിടെ കുട്ടികള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. അവരുടെ ഭാഷാ പരിജ്ഞാനവും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനും ഓഡിയോ കഥകള്‍ സഹായമാകുന്നു. ഇതിനകം മലയാളം ഭാഷയില്‍ മാത്രം ലാല ആയിരം കഥകള്‍ പൂര്‍ത്തിയാക്കി. കുട്ടികള്‍ക്കു വേണ്ടി സ്‌റ്റോറി ടെല്ലിങ് പെര്‍ഫോര്‍മന്‍സുകള്‍, സ്‌റ്റോറി ടെല്ലിംഗ് വര്‍ക്ക്‌ഷോപ്പുകള്‍, ക്യാമ്പുകള്‍ എന്നിവയും ലാല ടീം നടത്താറുണ്ട്. കൊച്ചി മെട്രോ, ലുലു മാള്‍, വണ്ടര്‍ലാ തുടങ്ങിയ പ്രമുഖ കമ്പനികളുമായി ചേര്‍ന്ന് സ്‌റ്റോറിടെല്ലിംഗ് ക്യാമ്പുകള്‍ ഇതിനകം ലാല സ്‌റ്റോറീസ് സംഘടിപ്പിച്ചു കഴിഞ്ഞു.
ലാലാ സ്‌റ്റോറീസ് എന്ന ബ്രാന്‍ഡ് കേവലം ഒരു ബിസിനസ് സംരംഭം മാത്രമല്ല, മറിച്ച് വരും തലമുറയ്ക്ക് സുരക്ഷിതവും സുന്ദരവുമായ ഒരു ബാല്യം തിരിച്ചുനല്‍കാനുള്ള വലിയൊരു ദൗത്യം കൂടിയാണ്. സ്‌ക്രീനുകള്‍ മാറ്റിവച്ച്, കഥകളുടെ ചിറകിലേറി കുഞ്ഞുങ്ങളെ സ്വപ്‌നം കാണാനൊരുക്കുകയാണ് ലാലയിന്ന്.





