ദി കേക്ക് ഗേള്‍ ആയി തസ്നിം സമീര്‍
തിരുവനന്തപുരത്തു നിന്നും കാസര്‍ക്കോട്ടേക്ക് രുചിയുടെ വൈവിധ്യങ്ങള്‍ പകര്‍ന്ന്, യാത്ര തുടര്‍ന്ന് തസ്നീമിന്റെ ദി കേക്ക് ഗേള്‍
ചെറിയ അടുക്കളയില്‍ നിന്നും ആയിരങ്ങളുടെ ഹൃദയങ്ങളിലേക്കുള്ള യാത്രയില്‍ ചിറയിന്‍കീഴ് സ്വദേശിനി തസ്നീം സമീര്‍ ഒരുക്കുന്നത് കേക്കുകള്‍ മാത്രമല്ല, ഓര്‍മയുടേയും സന്തോഷത്തിന്റേയും സ്നേഹത്തിന്റെയും രുചികള്‍ കൂടിയാണ്. തിരുവനന്തപുരത്തു നിന്നുമെത്തി കാസര്‍കോട്ടെ കാഞ്ഞങ്ങാട് മനുഷ്യരുടെ നാവുകളിലേക്ക് രുചിയുടെ വൈവിധ്യങ്ങള്‍ എത്തിക്കുകയാണ് ‘ദി കേക്ക് ഗേള്‍’ എന്ന സംരംഭത്തിലൂടെ തസ്നീം…!

സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്ന ഭര്‍ത്താവ് സമീറിന്റെ ജോലിയാവശ്യങ്ങള് പ്രകാരം ജില്ലകള്‍ മാറി താമസമുറപ്പിക്കേണ്ടത് പതിവാണ് തസ്നീമിന്. കൊവിഡ് കാലത്ത് വീടിനുള്ളിലേക്ക് മാത്രം ലോകം ചുരുങ്ങിയതോടെയാണ് തസ്നീമിന്റെ ജീവിതത്തിലെ രുചികളുടെ പുതിയ ലോകം തുറക്കപ്പെടുന്നത്. വീട്ടില്‍ സുലഭമായി ലഭിച്ചിരുന്ന പാഷന് ഫ്രൂട്ട് കൊണ്ട് കേക്കുണ്ടാക്കിയായിരുന്നു തുടക്കം. കുടുംബക്കാര്‍ക്കും ബന്ധുക്കള്‍ക്കും താന്‍ തയ്യാറാക്കിയ കേക്ക് നല്‍കിയതോടെ രുചിയെ സംബന്ധിച്ചുള്ള ചര്‍ച്ചകളും അഭിനന്ദനങ്ങളുമെത്തി. അന്ന് അഞ്ചാം ക്ലാസുകാരനായ മകനും ഭര്‍ത്താവും നല്കിയ പ്രചോദനമാണ് തസ്നീമിനെ സംരംഭകയാക്കി മാറ്റിയതും.

തയ്യാറാക്കുന്ന ഓരോ വിഭവങ്ങളുടേയും ശക്തരായ നിരൂപകര്‍ മകനും ഭര്‍ത്താവ് സമീറുമാണെന്ന് തസ്നീം പറയുന്നുണ്ട്. രുചിയ്ക്കൊപ്പം കുറവുകളും വ്യക്തമാക്കാന്‍ കുടുംബമെത്തിയതോടെയാണ് കുക്കിങ് എന്ന പാഷനെ പ്രൊഫഷനാക്കി മാറ്റാന്‍ അവര്‍ തീരുമാനിച്ചത്.

തസ്നീമും അധ്യാപകനായ ഭര്‍ത്താവ് സമീര്‍ സിദ്ദീഖിയും ബലൂണ്‍ ആര്‍ട്ടിസ്റ്റായ മകന് റൈഹാനും
പാസ്ട്രികള്‍, വിവിധ ഫ്ളേവറിലുള്ള കേക്കുകള്‍, ഹോം മെയിഡ് ചോക്ലേറ്റുകള്‍ തുടങ്ങി ആവിയില്‍ വേവിച്ചെടുത്ത പലഹാരങ്ങള്‍ ഉള്‍പ്പെടെയുള്ളവ തസ്നീമിന്റെ അടുക്കളയില്‍ പാകപ്പെടുന്നുണ്ട്. വാട്സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും നിന്നായി ലഭിക്കുന്ന ഓര്‍ഡറുകള്‍ പ്രകാരമാണ് ഇവയുടെ നിര്‍മാണം. ചോക്ലേറ്റ്, ബ്രൗണി, ഗീകേക്ക് ഉള്‍പ്പെടെയുള്ളവ ഓര്‍ഡര്‍ പ്രകാരം കൊറിയര്‍ വഴി എത്തിച്ചുനല്‍കാനുള്ള സംവിധാനവുമുണ്ട്.

തന്റെ മകന് വേണ്ടി തയ്യാറാക്കുന്ന ഭക്ഷണം പോലെ കരുതലും ശുചിത്വവും രുചിയും സ്നേഹവും ചേര്‍ത്താണ് തസ്നീം ഓരോ വിഭവങ്ങളുമൊരുക്കുന്നത്. പാഷന് ഫ്രൂട്ട്, ടെന്‍ഡര്‍ കോക്കനട്ട് തുടങ്ങി തന്റേതായ കണ്ടെത്തലുകള്‍ക്കൊപ്പം നട്ടി ബബിള്‍, ഡ്രീം കേക്ക് പോലെ ട്രെന്‍ഡിങ് കേക്കുകളും തസ്നീം തയ്യാറാക്കുന്നുണ്ട്. നല്കുന്ന ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ നല്കിയ തുക പൂര്‍ണമായി തിരികെ തരുമെന്നതാണ് തസ്നീമിന്റെ പോളിസി. താന്‍ പാകം ചെയ്യുന്ന ആഹാരത്തിലെ ഗുണനിലവാരം സംബന്ധിച്ച തസ്നീമിന്റെ ഉറപ്പ് കൂടിയാണ് ഇത്. നിലവില്‍ കാസര്‍കോട് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ചാണ് ദി കേക്ക് ഗേളിന്റെ പ്രവര്‍തത്തനം.

സ്വന്തമായി കേക്ക് കഫേ ആരംഭിക്കണമെന്നതാണ് തസ്നീമിന്റെ സ്വപ്നം. ദി കേക്ക് ഗേള്‍ എന്ന തന്റെ കൊച്ചുസംരംഭത്തിലൂടെ ജങ്ക് ഫുഡുകള്‍ ഒഴിവാക്കി നാടന്‍ പലഹാരങ്ങളുടെ രുചികള്‍ പുതുതലമുറയിലേക്ക് എത്തിക്കണമെന്ന ആഗ്രഹവുമുണ്ട് തസ്നീമിന്.





