പാരമ്പര്യത്തിന്റെ ‘ലെഗസി’; ബില്‍ഡ ബെന്നിയുടെ സംരംഭകയാത്ര
ട്രെന്‍ഡുകള്‍ ഒറ്റരാത്രി കൊണ്ട് മാറുകയും മത്സരം അവസാനിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ലോകത്ത്, വേറിട്ടു നില്‍ക്കാന്‍ കഴിവിനുമപ്പുറം കാഴ്ചപ്പാടും ആവശ്യമാണ്. ഇവയെല്ലാം ചേര്‍ത്തുകെട്ടി ഒരാളെത്തിയാലും പിന്തുണയ്ക്കുന്നവരെക്കാള്‍ വിമര്‍ശകരായിരിക്കും അധികവും. ഈ ലോകത്തേക്കാണ് പ്രോജക്ട് മാനേജ്‌മെന്റ് മുതല്‍ ഫാഷന്‍ വരെ വിജയവഴികള്‍ കീഴടക്കി ഒരു സ്ത്രീയെത്തുന്നത്; ബില്‍ഡ ബെന്നി…!
ബിസിനസ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ബില്‍ഡയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന സ്വപ്‌നമായിരുന്നു സ്വന്തമായൊരു സംരംഭം ആരംഭിക്കുകയെന്നത്. ഫാഷനായിരുന്നു ഇഷ്ടമേഖലയെങ്കിലും പലരും തുടങ്ങാന്‍ മടിക്കുന്ന ക്ലീനിങ് സര്‍വീസ്‌പ്രോജക്ട് മാനേജ്‌മെന്റ് സേവനമായ ‘വി ഹെല്‍പ് യു’ എന്ന സംരംഭത്തിലൂടെയായിരുന്നു ബില്‍ഡ തന്റെ സംരംഭകയാത്രയ്ക്ക് തുടക്കം കുറിച്ചത്. ആകര്‍ഷകമായ പ്രൊമോഷനുകളൊന്നുമില്ലാതെ വിശ്വാസവും പ്രതിബദ്ധതയും കഠിനാധ്വാനവും മുതല്‍കൂട്ടാക്കിയായിരുന്നു ബില്‍ഡ തന്റെ സംരംഭത്തെ പടുത്തിയര്‍ത്തിയത്. പൂര്‍ണമായും വാമൊഴിയിലൂടെയായിരുന്നു സംരംഭത്തിന്റെ വളര്‍ച്ചയത്രയും.

ആദ്യ സംരംഭം വിജയകരമായി മുന്നോട്ടുപോകുമ്പോഴും തന്റെ ഇഷ്ടമേഖലയായ ഫാഷനിലേക്കുള്ള ചുവടുവയ്പായിരുന്നു ബില്‍ഡയുടെ ലക്ഷ്യം. ഇതിന്റെ ബാക്കിപത്രമായിരുന്നു 2025 മേയില്‍ ആരംഭിച്ച ‘LUXE ലെഗസി’ എന്ന സംസ്‌കാരവും പൈതൃകവും ഇഴചേര്‍ന്ന ക്ലോത്തിങ് ബ്രാന്‍ഡ്. പാരമ്പര്യത്തെ സംരക്ഷിക്കുന്നതോടൊപ്പം ട്രെന്‍ഡുകള്‍ക്ക് നിറം നല്‍കുകയെന്നതാണ് തന്റെ സംരംഭത്തിലൂടെ ബില്‍ഡ മുന്നോട്ടുവെക്കുന്ന മന്ത്രം.
ഖാദി കോട്ടണ്‍ ബ്ലന്‍ഡഡ് സാരികള്‍, കാഞ്ചി സില്‍ക്ക് സാരി, ടിഷ്യൂ ഫാബ്രിക് കൊണ്ട് നെയ്‌തെടുത്ത സല്‍വാറുകള്‍ തുടങ്ങി എലഗന്റ് യുണീഖ് ഡിസൈനുകളാണ് LUXE ലെഗസി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ ഗുണനിലവാരമുള്ള വസ്ത്രങ്ങള്‍ നെയ്‌തെടുക്കാനും സംരംഭം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. LUXE ലെഗസി എന്ന ബ്രാന്‍ഡിലൂടെ ബില്‍ഡ വസ്ത്രങ്ങള്‍ വില്‍ക്കുക മാത്രമല്ല ചെയ്യുന്നത്, പാതിവഴിയിലെവിടെയോ നഷ്ടപ്പെട്ടുപോയ സംസ്‌കാരത്തെ ട്രെന്‍ഡിനൊപ്പം സംയോജിപ്പിക്കുക കൂടിയാണ്.
ടെയ്‌ലറായ അമ്മയായിരുന്നു ബില്‍ഡയില്‍ ഫാഷനോടുള്ള താത്പര്യമുണ്ടാക്കുന്നത്. ദീര്‍ഘവീക്ഷണമുള്ള അച്ഛന്റെ ശിക്ഷണത്തിലൂടെ ബിസിനസിനോടും താത്പര്യമുണ്ടായി. ഇരുവരും പകര്‍ന്നുതന്ന ധൈര്യമായിരുന്നു ബില്‍ഡയില്‍ സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്ന മോഹമുദിപ്പിച്ചത്. വഴികാട്ടിയായി ഭര്‍ത്താവും എംസി ബില്‍ഡേഴ്‌സ് എന്ന നിര്‍മാണ കമ്പനിയുടെ സ്ഥാപകനുമായ ക്ലിന്റോയും ഒപ്പമുണ്ടെന്നതാണ് മുന്നോട്ടുള്ള യാത്രയിലെ ബില്‍ഡയുടെ കരുത്ത്. ജീവിതത്തില്‍ മാത്രമല്ല, ബിസിനസിലും പങ്കാളിയാണ് ബില്‍ഡയ്ക്ക് ക്ലിന്റോ.

നിലവില്‍ പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന LUXE ലെഗസി ഒരു ബ്രാന്‍ഡിനേക്കാളുപരി തന്റെ സ്വപ്‌നങ്ങളെ ലക്ഷ്യമാക്കി മാറ്റാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീകള്‍ക്കുമുള്ള പ്രചോദനവും ഉദാഹരണവുമാണ്. വിജയത്തിന് മുന്നില്‍ പ്രായമോ, ലിംഗമോ, വളര്‍ന്നുവന്ന സാഹചര്യങ്ങളോ അല്ല പ്രധാനം. മറിച്ച് പാഷനും ധൈര്യവും നിശ്ചയദാര്‍ഢ്യവുമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുക കൂടിയാണ് തന്റെ സംരംഭങ്ങളിലൂടെ ബില്‍ഡ.
ഓരോ കൈകൊണ്ട് നിര്‍മ്മിച്ച സാരിയും സല്‍വാറും ഉപയോഗിച്ച്, അവള്‍ വസ്ത്രങ്ങള്‍ വില്‍ക്കുക മാത്രമല്ല; അവള്‍ കഥകള്‍ നെയ്യുകയും പാരമ്പര്യത്തെ ബഹുമാനിക്കുകയും ട്രെന്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നു. അവളുടെ മന്ത്രം വ്യക്തമാണ്: ‘വേരുകള്‍ സംരക്ഷിക്കുക, ഭാവി വരയ്ക്കുക.’





