മാതൃത്വത്തിനുമപ്പുറം; നിശ്ചയദാര്‍ഢ്യം കൊണ്ട് ‘ഇസ’യുടെ കഥകളെഴുതിയ ആലപ്പുഴക്കാരി
സ്വപ്നങ്ങളെ പിന്തുടരാന് ശരിയായ സമയത്തിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്നില്‍ കായംകുളം സ്വദേശിനി തസ്നിയുടെ കഥ ഒരല്പം വ്യത്യസ്തമാണ്. മുന്നോട്ടുള്ള പാതയില്‍ അപ്രതീക്ഷിതമായെത്തിയ സുന്ദരമായ കുഞ്ഞുതടസങ്ങളെ മറികടന്ന്, തന്റേതായ പാത തീര്‍ക്കുകയാണ് ഈ യുവസംരംഭക.
രണ്ടാം വര്‍ഷ ഡിഗ്രി പഠനത്തിനിടെയായിരുന്നു തസ്നിയുടെ വിവാഹം. വിവാഹവും പിന്നാലെയുണ്ടായ ഗര്‍ഭധാരണവും മൂലം അന്ന് ഡിഗ്രി പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. ജീവിതത്തിലെ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ പലരും പ്രയാസപ്പെടുന്ന കാലയളവിലാണ് വീടിന്റെ ‘കംഫര്‍ട്ടി’ല്‍ നിന്നുകൊണ്ടുള്ള വരുമാനമാര്ഗങ്ങളെ കുറിച്ചുള്ള ചിന്തയുണരുന്നത്.

ക്രാഫ്റ്റുകളോട് കുട്ടിക്കാലം മുതല്ക്കേ താത്പര്യമുണ്ടായിരുന്ന തസ്നിയ്ക്ക് സ്വന്തമായി ഒരു ക്രാഫ്റ്റ് സംരംഭം ആരംഭിക്കുകയെന്നല്ലാതെ മറുത്തൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. 2023 നവംബറിലാണ് തന്റെ സ്വപ്ന സംരംഭത്തിലേക്ക് തസ്നി ആദ്യചുവട് വയ്ക്കുന്നത്. റെസിന്‍ ആര്‍ട്ട് വര്‍ക്കുകള്‍, ഫോട്ടോ ഫ്രെയിമുകള്‍, ബോട്ടില്‍ ആര്‍ട്ട് എന്നിവയില്‍ തുടങ്ങി കസ്റ്റമൈസ്ഡ് ഗിഫ്റ്റ് ഹാംപര്‍, കസ്റ്റമൈസ്ഡ് വെഡ്ഡിംഗ് ഇന്‍വിറ്റേഷന്‍ ഉള്‍പ്പെടെയുള്ള വര്‍ക്കുകളും തസ്നയുടെ ക്രാഫ്റ്റ്റൂമില് ഒരുങ്ങുന്നുണ്ട്.

സംരംഭകയെന്ന പട്ടം ആസ്വദിക്കുന്നതോടൊപ്പം പുതുതായി മറ്റെന്തെല്ലാം ചെയ്യാനാകുമെന്ന ചിന്തയുമുണ്ടായിരുന്നു തസ്നിയുടെയുള്ളില്. ഇതിന്റെ ബാക്കിപത്രമായിരുന്നു 2024 ജനുവരിയില്‍ ആരംഭിച്ച IZZA EVENTS എന്ന ഇവന്റ് മാനേജ്മെന്റ് സംരംഭം. മകന്റെ പിറന്നാളാഘോഷത്തിന് പരിപാടിക്കാവശ്യമായ ഡെക്കറേഷനുകളെല്ലാം തസ്നി ഒറ്റയ്ക്കായിരുന്നു ചെയ്തത്. പങ്കെടുത്തവരില്‍ നിന്ന് ലഭിച്ച പ്രോത്സാഹനങ്ങളായിരുന്നു അന്ന് ഇവന്റ് മാനേജ്മെന്റ് എന്ന സംരംഭവുമായി മുന്നോട്ട്കുതിക്കാന് തസ്നിക്ക് കരുത്തായത്.

സുഹൃത്തിന്റെ ബ്രൈഡല്‍ ഷവറിനായുള്ള ഡെക്കറേഷനില്‍ നിന്നും മേഖലയിലേക്കുള്ള ആദ്യ ചുവടുവെപ്പുമുണ്ടായി. ഇന്ന് ബര്‍ത്ത്ഡേ, വിവാഹം ഉള്‍പ്പെടുന്ന ഫുള്‍ സ്കെയില്‍ ആഘോഷങ്ങളില്‍ തങ്ങളുടേതായ കയ്യൊപ്പ് തീര്‍ക്കുകയാണ് IZZA EVENTS എന്ന സംരംഭത്തിലൂടെ തസ്നി. ഓരോ പുതിയ പാതയിലും തസ്നിക്ക് കരുത്താകുന്നത് ഭര്‍ത്താവ് അംജിദും സഹോദരനുമാണ്. ഇവന്റ് വര്‍ക്കുകളില്‍ സഹായികളായും ഇരുവരുമെത്തുന്നതോടെ കൂടുതല്‍ ഭംഗിയുള്ള നിമിഷങ്ങള്‍ കൂടി നെയ്തെടുക്കാന്‍ തസ്നിയ്ക്ക് സാധിച്ചിട്ടുണ്ട്.

ഗര്‍ഭിണിയായിരിക്കുമ്പോഴും ക്ഷീണവും ശാരീരിക പ്രയാസങ്ങളുമെല്ലാം മറന്ന് തസ്നിയെ മുന്നോട്ടു നയിച്ചത് പാഷനും വിജയിക്കണമെന്ന നിശ്ചയദാര്‍ഢ്യവുമായിരുന്നു. കുഞ്ഞ് ജനിച്ച് 35 -ാം ദിവസം മുതല്‍ കര്‍മമേഖലയിലേക്ക് തിരിച്ചെത്തിയതിന്റെ കഥയുമുണ്ട് തസ്നിക്ക് പറയാന്‍. കുഞ്ഞിന്റെ കളിചിരികള്‍ക്കൊപ്പം മനസിനെ കീഴടക്കിയ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ വേരോടെ പിഴുതെറിയാന്‍ തസ്നിക്ക് സാധിച്ചതും തന്റെ സംരംഭങ്ങളിലൂടെയായിരുന്നു.
ഇന്ന് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്ന ഡിഗ്രി പഠനത്തിന്റെ പുതിയ വഴികളിലേക്കുള്ള യാത്രയിലാണ് തസ്നി. ‘ഇഗ്നോ’യിലെ ഡിഗ്രി പഠനം പൂര്‍ത്തിയാക്കുന്നതോടൊപ്പം കായംകുളത്ത് ഇവന്റ് മാനേജ്മെന്റ് സ്റ്റുഡിയോ ആരംഭിക്കണമെന്നതാണ് തസ്നിയുടെ സ്വപ്നം.

തിരക്കേറിയ സംരംഭകയായി ഉയരുമ്പോഴും ലഭിക്കുന്ന പണമല്ല, മറിച്ച് ഓരോ വര്‍ക്കുകളും ഏറ്റെടുക്കുമ്പോള്‍ തനിക്കുണ്ടാകുന്ന സന്തോഷമാണ് തസ്നി എന്ന യുവസംരംഭകയെ സംബന്ധിച്ച് പ്രധാനം. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൈമുതലാക്കുന്നതോടൊപ്പം സ്ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യമുള്ളവരായിരിക്കണമെന്ന സന്ദേശവും തന്റെ ജീവിതത്തിലൂടെ മുന്നോട്ടുവയ്ക്കുന്നുണ്ട് തസ്നി.
https://www.instagram.com/izza__events?igsh=NWN6a2VzOXFpajh0
https://www.instagram.com/izza_craft_media?igsh=ajdmZms0ZzFvOHAw





