Entreprenuership Success Story

ആര്‍.ജെ അംബിക; അതിരുകളില്ലാത്ത ആത്മവിശ്വാസത്തിന്റെ ‘പയനം’

ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് പറക്കുന്ന പക്ഷിയെപ്പോലെ ചില മനുഷ്യരുണ്ട്. പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരാതെ തടസ്സങ്ങളെ ചവിട്ടുപടികളാക്കി മാറ്റുന്നവര്‍. ജീവിതം അതിന്റെ എല്ലാ കടുപ്പത്തോടും കൂടി മുന്നില്‍ വന്നു നിന്നപ്പോഴും പതറാതെ, തന്റെ ശബ്ദത്തിലൂടെയും പ്രവൃത്തിയിലൂടെയും മറ്റുള്ളവര്‍ക്ക് വെളിച്ചമായി മാറുകയായിരുന്നു എറണാകുളം തൃപ്പുണിത്തുറ സ്വദേശിനിയും ആകാശവാണി ആര്‍ജെയുമായ അംബിക. കൊച്ചി ആകാശവാണിയിലെ റെയിന്‍ബോ എഫ്.എം 107.5ലൂടെ കഴിഞ്ഞ 17 വര്‍ഷമായി മലയാളികളുടെ പ്രിയങ്കരിയായ അംബിക കൃഷ്ണയുടെ ജീവിതം പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും വലിയൊരു പാഠപുസ്തകമാണ്.

അംബിക ഐ സി ഡബ്ല്യൂ എ ഐ പഠനം പൂര്‍ത്തിയാക്കി 2008ലാണ് ആകാശവാണിയില്‍ ചേരുന്നത്. യാദൃശ്ചികതയേക്കാള്‍ കലയോടുള്ള താത്പര്യമായിരുന്നു അംബികയെ റേഡിയോ ജോക്കിയെന്ന മേഖലയിലേക്കെത്തിക്കുന്നത്. റെയിന്‍ബോ എഫ്.എമ്മിലെ സംഗീത പരിപാടികളിലൂടെയും ലൈവ് പ്രോഗ്രാമുകളിലൂടേയും കേള്‍വിക്കാര്‍ക്ക് ആര്‍ജെ അംബിക പ്രിയങ്കരിയായി മാറി.

അംബികയുടെ ജീവിതം വാര്‍ത്തകളില്‍ നിറഞ്ഞത് 2022ല്‍ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിലൂടെ 102 ദിവസം നീളുന്ന സോളോ ബുള്ളറ്റ് യാത്രയിലൂടെയാണ്. ഇന്ത്യന്‍ അതിര്‍ത്തികള്‍ കാക്കുന്ന സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആ യാത്ര. സ്ത്രീ സുരക്ഷയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം യാത്രകള്‍ പലരും നടത്തിവരുന്നുണ്ടായിരുന്നുവെങ്കിലും സൈനികര്‍ക്കും അവരുടെ വിധവകള്‍ക്കും വേണ്ടിയുള്ള ഐക്യദാര്‍ഢ്യ യാത്രയില്‍ ചേര്‍ത്തുവെക്കാന്‍ താന്‍ പിന്നിട്ട അനുഭവങ്ങള്‍ കൂടിയുണ്ടായിരുന്നു അംബികയ്ക്ക്.

വിവാഹം കഴിഞ്ഞ് വെറും ഒരു വര്‍ഷം തികയുമ്പോഴാണ് അംബികയുടെ ആദ്യ ഭര്‍ത്താവും എയര്‍ഫോഴ്‌സ് ഓഫീസറുമായിരുന്ന ശിവരാജ് ഡല്‍ഹിയില്‍ വെച്ച് ഒരു അപകടത്തില്‍ മരണപ്പെടുന്നത്. ആ വലിയ നഷ്ടത്തില്‍ തളര്‍ന്നുപോകാതെ, തന്റെ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനേയും കൂടെകൂട്ടി, തന്നെപ്പോലെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട സൈനിക വിധവകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ അംബിക തീരുമാനിക്കുന്നതും ആദ്യ ഓള്‍ ഇന്ത്യ സോളോ ബുള്ളറ്റ് റൈഡിന് തുടക്കമിടുന്നതും ഇതോടെയാണ്.

ആകാശവാണി സ്‌റ്റേഷനുകള്‍ ബന്ധിപ്പിച്ചുകൊണ്ട് നോര്‍ത്ത് ഈസ്റ്റ് അടക്കമുള്ള എയര്‍ഫോഴ്‌സ് യുണിറ്റുകളില്‍ തന്റെ യാത്രയുടെ സന്ദേശം പ്രചരിപ്പിച്ചും, ബോംബെ ഗാന്ധിനഗര്‍ ഐഐടികളിലും നിരവധി സ്‌കൂളുകളിലും അഭിമുഖങ്ങളിലൂടെയും തന്റെ യാത്രനുഭവങ്ങള്‍ പങ്കുവെച്ചും അംബിക നടത്തിയ യാത്ര പ്രായവും ലിംഗഭേദവും കടന്ന് നിരവധി പേര്‍ക്കാണ് പ്രചോദനമായി മാറിയത്.

‘പയനം’; മണ്ണിലേക്ക് മടങ്ങുന്ന സുസ്ഥിരമായ യാത്ര

ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ എഞ്ചിനീയര്‍ കൂടിയായ സജീവിനെ പരിചയപ്പെട്ടതോടെയാണ് അംബികയില്‍ പുതിയ സ്വപ്‌നങ്ങള്‍ കൂടി ഉടലെടുക്കുന്നത്. പ്രകൃതിയോടിണങ്ങിയ ജീവിതശൈലി പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അംബിക ഇന്ന് തന്റെ പുതിയ പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ‘പയനം ഫാം ഹൗസ്’. തമിഴില്‍ ‘യാത്ര’ എന്നര്‍ത്ഥമുള്ള ഈ പദ്ധതിയിലൂടെ വാഗമണ്ണില്‍ ഒരു മണ്‍വീട് പൈതൃകമോതുന്ന മണ്‍വീടൊരുക്കി സുസ്ഥിര ജീവിതമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുകയാണ് ഇരുവരും.

മുളയും മണ്ണും ചാണകവും ഉപയോഗിച്ച് നിര്‍മിച്ച ഈ വീട് വെറുമൊരു കെട്ടിടമല്ല; മറിച്ച് വര്‍ത്തമാനകാലത്തെ ആഡംബര ഭ്രമങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്. ‘മനുഷ്യന് ജീവിക്കാന്‍ കുറഞ്ഞ ഇടം മതി’ എന്ന തത്വം ഉയര്‍ത്തിപ്പിടിക്കുന്ന പയനം, സുസ്ഥിരമായ ജീവിതശൈലിയുടെ പ്രാധാന്യവും വിളിച്ചോതുന്നുണ്ട്. ഗോത്രവര്‍ഗക്കാരുടെ നിര്‍മാണ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി നിര്‍മിച്ച ഈ വീട് കാണാന്‍ വിവിധ ജില്ലകളില്‍ നിന്നുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ പോലും എത്തുന്നുണ്ടെന്നതാണ് പയനത്തെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. കാപ്പിത്തോട്ടങ്ങള്‍ക്കും വെള്ളച്ചാട്ടത്തിനും നടുവില്‍ പ്രകൃതിയോട് ചേര്‍ന്ന് ശാന്തമായി താമസിക്കാനും ആരോഗ്യകരമായ ഭക്ഷണം ആസ്വദിക്കാനും കഴിയുന്ന ഒരിടമായി ഒരുങ്ങുന്ന പയനം, അതിന്റെ അവസാനഘട്ടത്തോട് അടുത്തിരിക്കുകയാണ്…!

പ്രകൃതിയും പയനവും കോര്‍ത്തിണക്കി തയ്യാറാക്കിയ ഡോക്യുമെന്ററി 2026ലെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അംബിക ഇപ്പോള്‍. മകള്‍ ആര്യ ശിവരാജ്, ഭര്‍ത്താവ് സജീവ് എന്നിവര്‍ നല്‍കുന്ന പിന്തുണയാണ് അംബികയുടെ യാത്രയ്ക്ക് കരുത്ത് പാകുന്നത്. ജീവിതത്തില്‍ വീഴ്ചകളും താഴ്ചകളും സംഭവിക്കാമെന്നും അവയോട് നമ്മള്‍ സ്വീകരിക്കുന്ന സമീപനമാണ് മുന്നോട്ടുള്ള യാത്രയുടെ ഗതി നിശ്ചയിക്കുകയെന്നും തന്റെ ജീവിതം കൊണ്ട് ഉറക്കെപ്പറയുകയാണ് അംബിക.

തടസ്സങ്ങളെ ചവിട്ടുപടികളാക്കി മാറ്റിയ ഈ ആര്‍.ജെ, തന്റെ ശബ്ദത്തിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെയും ഇന്ന് ലോകത്തിന് പ്രചോദനമായി മാറുകയാണ്.

https://www.facebook.com/share/17XAH9K3ox

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.
Entreprenuership

യോഗീശ്വര ഫാമിംഗ് സിസ്റ്റം

റിസോര്‍ട്ട് പോലെ മനോഹരമായ ഒരു തോട്ടം. കൊതിയൂറും പഴങ്ങളാല്‍ മാടിവിളിക്കുന്ന ഫലവൃക്ഷങ്ങള്‍ കെട്ടിപ്പിണഞ്ഞു വ്യത്യസ്തയിനം വള്ളിച്ചെടികളും. ഹരിതശോഭയണിഞ്ഞ പുല്‍ത്തകിടിയിലൂടെ ഉത്സാഹത്തോടെ മേഞ്ഞു നടക്കുന്ന നാടന്‍ പശുക്കിടാങ്ങള്‍. തോട്ടത്തിന്റെ