Entreprenuership Special Story Success Story

രമണി ടീച്ചറെ അറിയുന്നവര്‍ പറയുന്നു; ”ഇത് ദൈവത്തിന്റെ കരങ്ങള്‍…!”

ദൃഡനിശ്ചയത്താല്‍ നെയ്‌തെടുത്ത ‘സ്വപ്‌നക്കൂട്’ അശരണര്‍ക്ക് തണല്‍

”മുറുക്കിപ്പിടിച്ച കൈകളുമായി ജനിച്ചു… ബലവാനായി വിയര്‍പ്പ് വറ്റിച്ചു ജീവിച്ചു… കാലം മുന്നോട്ടു പോയപ്പോള്‍ മുടിയില്‍ നര ബാധിച്ചു… തൊലിപ്പുറത്ത് ചുളിവുകളും വീണു… ഒടുവില്‍ പ്രിയപ്പെട്ടവരും ഉപേക്ഷിച്ചു… വാര്‍ദ്ധക്യ കാലഘട്ടത്തിലെ ഒറ്റപ്പെടല്‍ വല്ലാതെ വീര്‍പ്പ് മുട്ടിക്കുമ്പോള്‍ ചില കരങ്ങള്‍ അവര്‍ക്ക് സാന്ത്വനമായി മാറും… ഒറ്റപ്പെട്ടവരെ സംബന്ധിച്ചിടത്തോളം അത് ദൈവത്തിന്റെ കരങ്ങളാണ്…!”

‘സ്വപ്‌നക്കൂടി’ലെ അന്തേവാസികള്‍, ഗോത്ര വിഭാഗത്തിലുള്ളവര്‍ തുടങ്ങി നിരവധി ആളുകള്‍ക്ക് ദൈവത്തിന്റെ പ്രതിരൂപമാണ് ഡോ. രമണി നായര്‍. അശരണരായവര്‍ക്ക് പ്രിയപ്പെട്ടവളാണ് രമണി ടീച്ചര്‍…

അധ്യാപനത്തില്‍ നിന്ന് സാമൂഹ്യ സേവനത്തിലേക്ക്

മധ്യപ്രദേശിലെ ഗോത്രമേഖലയായ കോര്‍ബയില്‍ സ്‌കൂള്‍ അധ്യാപികയായി കരിയറില്‍ തുടക്കം കുറിച്ചു. വ്യക്തിജീവിതത്തെക്കാള്‍ സാമൂഹിക സേവനത്തിന് മുന്‍തൂക്കം കൊടുക്കുന്ന ടീച്ചര്‍ നിര്‍ധനരായവരെ സഹായിക്കുന്നതില്‍ തല്പരയായിരുന്നു. ജീവിതയാത്രയില്‍ സാമൂഹിക പ്രവര്‍ത്തകനായ പി. ബി ഹാരിസുമായുള്ള സൗഹൃദം സാമൂഹിക സേവനരംഗത്ത് ടീച്ചര്‍ക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നു.

ഒരായുസ്സ് മുഴുവന്‍ സ്വരുക്കൂട്ടിയ സമ്പാദ്യവും, പെന്‍ഷന്‍ തുകയുമെല്ലാം തനിച്ചാക്കപ്പെട്ട വയോജനങ്ങള്‍ക്ക് തണല്‍ ഒരുക്കുന്നതിനായി ‘സ്വപ്‌നക്കൂട്’ എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് ഒരു കെട്ടിടം അതിനായി വാടകയ്ക്ക് എടുത്തു. സ്വപ്‌നക്കൂട് എന്ന രമണി ടീച്ചറുടെ സ്വപ്‌നം സഫലമാകാന്‍ പ്രതിസന്ധികള്‍ നിറഞ്ഞ പല വഴികളും മറികടക്കേണ്ടി വന്നു. സാമ്പത്തികം വിലങ്ങുതടിയായപ്പോള്‍ കയ്യിലുണ്ടായിരുന്ന സ്വര്‍ണം വിറ്റ്, കെട്ടിടത്തിനായി പണം കണ്ടെത്തി. പ്രതിസന്ധികളില്‍ പതറില്ല എന്ന് ദൃഢനിശ്ചയം ചെയ്താണ് ടീച്ചര്‍ സാമൂഹിക സേവന രംഗത്തേയ്ക്ക് ഇറങ്ങിത്തിരിച്ചത്…!

ആദ്യഘട്ടത്തില്‍ 12 അമ്മമാര്‍ ആയിരുന്നുവെങ്കില്‍ ഇന്ന് എഴുപതില്‍ അധികം അന്തേവാസികള്‍ സ്വപ്‌നക്കൂടിന്റെ അഭയത്തണലില്‍ സുരക്ഷിതരായി ജീവിക്കുന്നു. നല്ല ഭക്ഷണത്തിലൂടെ, വസ്ത്രത്തിലൂടെ, കരുതലിലൂടെ, സ്‌നേഹത്തിലൂടെ നിരവധി വയോജനങ്ങള്‍ക്കാണ് ടീച്ചര്‍ ആശ്വാസമായത്.

ആദിവാസി മേഖലകളിലും രമണി ടീച്ചറുടെ കരുതല്‍ കരങ്ങളുണ്ട്. ആദിവാസികള്‍ക്ക് വിതരണം ചെയ്യുന്നതിനായി വസ്ത്രം, പഠനോപകരണങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്ന ഗോത്രസഞ്ചലനം പദ്ധതി, ട്രൈബല്‍ യൂത്ത് ക്രിക്കറ്റ് ലീഗ് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ടീച്ചര്‍ നേതൃത്വം നല്‍കുന്നുണ്ട്. ഡോക്ടറേറ്റ് ബഹുമതികള്‍, അയണ്‍ ലേഡി അവാര്‍ഡുകള്‍ തുടങ്ങി അര്‍ഹതപ്പെട്ട നിരവധി അംഗീകാരങ്ങള്‍ രമണി നായര്‍ക്ക് ലഭിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സഹായങ്ങള്‍ ഒന്നുമില്ല

മാനേജര്‍, സൂപ്പര്‍വൈസര്‍, വാര്‍ഡന്‍ തുടങ്ങി ജീവനക്കാരുടെ പിന്തുണയും സുമനസ്സുകള്‍ നല്‍കുന്ന സഹായവും സ്വപ്‌നക്കൂടിനെ താങ്ങിനിര്‍ത്തുന്ന ഘടകമാണ്. വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ടവരെ സ്വയം കണ്ടെത്തുന്നതിന് പുറമേ പോലീസ് ഉദ്യോഗസ്ഥരും നിരവധി നിരാലംബരെ രമണി ടീച്ചറുടെ കൈകളില്‍ ഏല്‍പ്പിക്കാറുണ്ട്.

നിലവില്‍ വയോജനങ്ങള്‍ക്കായി പുതിയൊരു കെട്ടിടം പണികഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ടീച്ചര്‍. അതിനായി സ്വന്തമായി ഭൂമി വാങ്ങിയെങ്കിലും സാമ്പത്തികം വെല്ലുവിളി സൃഷ്ടിക്കുന്നു. എങ്കിലും തളരാതെ, പതറാതെ കൂടുതല്‍ കരുത്ത് ആര്‍ജിച്ച് മുന്നോട്ട് പോവുകയാണ് ടീച്ചര്‍. ആരുമില്ലാത്തവര്‍ക്ക് ആശ്രയമാകുന്ന രമണി ടീച്ചറുടെ നിസ്വാര്‍ത്ഥ സേവനം ഇനിയും തുടരും… വിശ്രമമില്ലാതെ…!

ഫോണ്‍ : +91 96051 66810

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story

ഫ്യൂച്ചറോളജിയുടെ ആചാര്യന്‍

നമ്മള്‍ ഓരോരുത്തരുടെയും ജീവിതവിജയത്തിനുള്ള മാര്‍ഗം അവരവരുടെ കയ്യില്‍ തന്നെയാണ് എന്ന സത്യം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുത്ത്, അവര്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശം നല്കി വിജയത്തിലേക്ക് നയിക്കുന്ന വ്യക്തിയാണ് ഫ്യൂച്ചറോളജിയുടെ
Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചു.