Entertainment Success Story

പ്രണയത്തോടൊപ്പം പൂത്തുലഞ്ഞ വിനുവിന്റെയും ശീതളിന്റെയും യുട്യൂബ് സ്വപ്‌നം

Spread the love

മനസ് നിറയെ പാഷനും ഒരുപാട് സ്വപ്‌നങ്ങളുമുള്ള നായിക, ഒരുപാട് ജീവിത പ്രതിസന്ധികളിലൂടെ കടന്നുപോയ നായകന്‍, രണ്ടറ്റവും കൂട്ടിമുട്ടിക്കുവാന്‍ ‘പെടാപ്പാട്’ പെടുന്നതിനിടയില്‍ എറണാകുളത്ത് വച്ച് ഇവര്‍ കണ്ടുമുട്ടുന്നു; നായകന്റെ മനസ്സില്‍ തോന്നുന്ന ‘ഐഡിയ’ അവരുടെ കൂട്ടുകെട്ടിലൂടെ വളര്‍ന്ന് ലക്ഷക്കണക്കിന് മലയാളികളെ ചിരിപ്പിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന സംരംഭമായി വളര്‍ന്നു… അതോടൊപ്പം അവരുടെ പ്രണയവും.

പറയുമ്പോള്‍ ഏതോ വിനീത് ശ്രീനിവാസന്‍ സിനിമയുടെ കഥയായി തോന്നുമെങ്കിലും സിനിമാകഥയെ വെല്ലുന്ന ശീതളിന്റെയും വിനുവിന്റെയും ജീവിത വിജയത്തിന്റെ നേര്‍ചിത്രമാണിത്. 54 ലക്ഷം ആകെ സബ്‌സ്‌ക്രൈബഴ്‌സുള്ള SHEETHAL ELZHA OFFICIAL, SHEETHAL AND VINU യൂട്യൂബ് ചാനലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതരാണ് ഇന്ന് ഈ ദമ്പതികള്‍.

അഭിനയത്തില്‍ താല്പര്യമുണ്ടായിരുന്ന ശീതളിന് യൂട്യൂബ് ചാനലിന്റെ സാധ്യതകള്‍ പരിചയപ്പെടുത്തിയത് വിനുവാണ്. പക്ഷേ സാധാരണക്കാരുടെ ജീവിത പരിസരങ്ങളും അതിലെ നര്‍മവും കോര്‍ത്തിണക്കി ഇവര്‍ അവതരിപ്പിച്ച വീഡിയോകള്‍ വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ലക്ഷക്കണക്കിന് മലയാളികളുടെ ഹൃദയം കവര്‍ന്നു. അത്യാവശ്യം ഓണ്‍ലൈന്‍ എക്‌സ്പീരിയന്‍സ് ഉണ്ടായിരുന്ന വിനുവിന്റെ നിര്‍ബന്ധപ്രകാരമാണ് ശീതളിന്റെ പേര് തന്നെ ചാനലിനുമിട്ടത്. അതുകൊണ്ട് ഇന്ന് മലയാളി സൈബര്‍ ഇടത്തില്‍ ഒരു ‘ഹൗസ് ഹോള്‍ഡ് നെയിം’ ആയി മാറുവാന്‍ ശീതളിന് കഴിഞ്ഞു.

യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്യുവാന്‍ ഡേറ്റാ പ്ലാന്‍ പോലും തികയാതെ വന്ന ഒരു കാലമുണ്ടായിരുന്നു ഇവര്‍ക്ക്. ഇന്റര്‍നെറ്റ് കഫെകളെ ആശ്രയിച്ച് ചാനലിനെ വളര്‍ത്തിയെടുക്കുവാന്‍ രണ്ടുപേര്‍ക്കും പരസ്പരമുള്ള താങ്ങ് മാത്രമേ കൈമുതലായുണ്ടായിരുന്നുള്ളൂ. എന്നാല്‍ മനസ്സില്‍ സൂക്ഷിച്ച സ്വപ്‌നം അര്‍പ്പണബോധത്തോടെയും കഠിനാധ്വാനത്തോടെയും വളര്‍ത്തിയെടുക്കുവാന്‍ അതുമാത്രം മതിയായിരുന്നു ഇവര്‍ക്ക്.

‘ഒരു ലക്ഷ്യത്തിലേക്ക് അടുക്കണമെന്ന് നിങ്ങള്‍ നിശ്ചയിച്ചുറപ്പിച്ചാല്‍ അത് സാധ്യമാക്കിത്തരുവാന്‍ ഈ ലോകം തന്നെ കൂടെ നില്‍ക്കും’ എന്ന് പൗലോ കോയ്‌ലോ പറഞ്ഞതുപോലെ ഇന്ന് ലക്ഷക്കണക്കിന് മലയാളികള്‍ക്ക് ഇവര്‍ സ്വന്തം വീട്ടുകാരെ പോലെ പരിചിതരാണ്. യുവാക്കള്‍ മാത്രമേ തങ്ങളുടെ പ്രേക്ഷക വൃത്തത്തില്‍ കാണൂ എന്ന് പ്രതീക്ഷിച്ചിരുന്ന ശീതളിനെയും വിനുവിനെയും തേടി പല പ്രായത്തിലും പല സാഹചര്യങ്ങളില്‍ നിന്നുമുള്ളവരുടെ സ്‌നേഹവായ്പ്പുകള്‍ എത്താറുണ്ട്. കുടുംബത്തോടെ ഇരുന്നു കാണാന്‍ പറ്റുന്ന കണ്ടെന്റ് തന്നെയാണ് ഈ ജനപ്രീതിക്ക് കാരണം.

പണ്ട് ടിവിയില്‍ മാത്രം കണ്ടിരുന്ന പല ബ്രാന്‍ഡുകളും ഇന്ന് പ്രമോഷനായി ഇവരെ സമീപിക്കുന്നുണ്ട്. തീര്‍ത്തും സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്ന് പ്രശസ്തിയുടെയും വിജയത്തിന്റെയും പടവുകള്‍ നടന്നു കയറിയ ഈ ദമ്പതികളുടെ ഇനിയുള്ള ദിനങ്ങള്‍ക്ക് വെളിച്ചമേകുവാനായി വിതേയ്ന്‍ എന്ന ഒരു കുഞ്ഞു നക്ഷത്രവും ഇവരുടെ ജീവിതത്തില്‍ ഉദിച്ചു വന്നിട്ടുണ്ട്.

വിനുവും ശീതളും ശീതളിന്റെ പപ്പയും മമ്മയും പിന്നെ വിതേയ്‌നും രണ്ടു പപ്പികുഞ്ഞുങ്ങളും അടങ്ങുന്നതാണ് ഇവരുടെ സന്തുഷ്ട കുടുംബം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ